തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കോര്‍പറേഷന്റെ പുതിയ പദ്ധതി ‘കെഎസ്ആര്‍ടിസി സേഫ് ടു ഈറ്റ്’ വൈകാതെ തുടക്കമാകും. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി മാറ്റിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആഹാര സാധനങ്ങളാണ് ഇവിടെ വില്‍ക്കുക.
ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി കിറ്റ്, കെപ്‌കോയുടെ ചിക്കന്‍, ജയില്‍ ചപ്പാത്തി, മത്സ്യഫെഡിന്റെ മത്സ്യം, വനംവകുപ്പിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍, മില്‍മ പാല്‍, മീറ്റ് പ്രോഡകട്‌സ് ഓഫ് ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍, കുടുംബശ്രീകളുടെ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണു വില്‍പനയ്ക്ക് ഉദ്ദേശിക്കുന്നത്. നഗരത്തിന്റെ സാധ്യതയനുസരിച്ചു ഡിപ്പോകളില്‍ എത്ര ബസുകള്‍ ഇത്തരത്തില്‍ ഷോപ്പുകളാക്കി മാറ്റണമെന്നു തീരുമാനിച്ച് അവ ലേലം ചെയ്തു നല്‍കും.
150 ബസുകള്‍ തുടക്കത്തില്‍ ഇങ്ങനെ മാറ്റുമെന്നു എംഡി: ബിജു പ്രഭാകര്‍ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി ഡിപ്പോകളികളില്‍ ഓന്നോ രണ്ടോ ബസ് ഹോട്ടലാക്കി മാറ്റുന്നതിനും ഉദ്ദേശിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ബസില്‍ പലചരക്ക് വ്യാപാരവും ആലോചിക്കുന്ന ഷോപ്പ് ഓണ്‍ വീല്‍ പദ്ധതി മോട്ടര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ തുടങ്ങും. ഇത് നഗരം ചുറ്റി സാധനം വില്‍ക്കും.