തിരുവനന്തപുരം: കേരളത്തില്‍ മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്വാന്റൈന്‍ നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസം വരെയാണ് ക്വാറന്റൈന്‍. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമുള്ളതും വായു സഞ്ചാരമുളളതുമായ ഒരു മുറിയില്‍ ഒരാളെ മാത്രമേ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കൂ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവാകുന്നവരാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്.
സംസ്ഥാന ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വദേശത്തേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളില്‍ പലരും കേരളത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
മാര്‍ഗനിര്‍ദ്ദേങ്ങളിലെ പ്രസക്തഭാഗങ്ങള്‍:
തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ആരോഗ്യ, തൊഴില്‍, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കണം. തൊഴിലുടമയും ഏജന്റുമാണ് ഭക്ഷണത്തിനും നിരീക്ഷണത്തിനുമുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. എന്നാല്‍ സ്വയം തിരികെയെത്തുന്ന തൊഴിലാളികള്‍ സംസ്ഥാനത്തെത്തിയാലുടന്‍ ദിശ നമ്ബരിലോ 0471 2552056 എന്ന നമ്ബരിലോ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഇതിനൊപ്പം 14 ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണം.തൊഴിലാളികളെ എത്തിക്കുന്നവര്‍ തന്നെ പരിശോധനയുടെ ചെലവും വഹിക്കണം.
നിരീക്ഷണകാലയളവില്‍ മാസ്‌ക് ഉപയോഗിക്കണം. സമ്പര്‍ക്കം ഒഴിവാക്കേണ്ടതും, ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതുമാണ്. മൊബൈല്‍, പത്രം തുടങ്ങിയവ കൈമാറാതിരിക്കാനും ശ്രദ്ധിക്കണം. പരിചരിക്കുന്നവരുണ്ടെങ്കില്‍ അവരും ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം.
ജോലിക്ക് പോകുന്ന തൊഴിലാളികള്‍ ജോലിസ്ഥലത്തും പൊതുസ്ഥങ്ങളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും പാലിക്കുകയും വേണം. തൊഴിലുടമകളും ഏജന്റും ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം. തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കേണ്ടതാണ്.