തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തി കൂട്ടം കൂടിനിന്ന രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പരീക്ഷാ സെന്ററിന് മുന്നില്‍ കൂട്ടംകൂടിയ മുന്നൂറു പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് എടുത്തത്.
ജൂലൈ 16 നാണ് സംസ്ഥാനമാകെ കീം പരീക്ഷ നടത്തിയത്. ഇതില്‍ തിരുവനന്തപുരത്തെ ചില കേന്ദ്രത്തിന് മുന്നില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടിയത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളിന് മുന്നില്‍ കൂട്ടംകൂടിയവര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തത്.
സാമൂഹ്യ അകലം പാലിച്ചില്ല, കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നീ കാരണങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മാതാപിതാക്കള്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കൂട്ടംകൂടിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പൊലീസ് എത്തി ഇവരോട് സാമൂഹ്യ അകലം പാലിക്കണമെന്ന് അടക്കം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.