തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച തീരുമാനം ഇനിയും ആയിട്ടില്ല. അടുത്ത ഒരു മാസത്തെ കൊവിഡ് വ്യാപനത്തിന്റെ കണക്കെടുത്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. സെപ്റ്റംബറില്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് ചുരുക്കാനാണ് തീരുമാനം.
രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാണ് പരിഗണിക്കുന്നത്. ഓരോ ജില്ലകളിലെയും വ്യാപനത്തോത് വ്യത്യസ്തമാണ് എന്നതിനാലാണ് കൃത്യമായ തീരുമാനത്തില്‍ എത്താനാവാത്തത്.
മറ്റൊരു കാര്യമുള്ളത്, സ്കൂളുകള്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് എന്നതാണ്. മഴകനത്താല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനും സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കേണ്ടിവരും. അതുകൊണ്ട് തന്നെ സ്കൂളുകളുടെ ശുചീകരണം, അണുനശീകരണം, അറ്റകുറ്റപണികള്‍ എന്നിവ പൂര്‍ത്തിയാക്കിയാലേ തുറക്കാനും സാധിക്കൂ.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജൂലൈവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ഇനിയും നീട്ടിയേക്കാം. സ്കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് ആലോചിക്കൂ.