തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്ളാറ്റില്‍ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്ളാറ്റില്‍ വെച്ചാണ് പ്രതികളായ സരിത്തും സ്വപ്നയും സന്ദീപും ഗൂഢാലോചന നടത്തിയതെന്നാണ് നിഗമനം. എഫ്-6 ഫ്ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്ളാറ്റില്‍ പരിശോധന നടത്തിയതായാണ് സൂചന.
ഈ ഫ്ളാറ്റില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഇടക്കാലത്ത് മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്ളാറ്റില്‍ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു. ഫ്ളാറ്റിലെ നാലാം നിലയിലാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫര്‍ണിഷിങ്ങിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.
അതിനിടെ സ്വപ്നയ്ക്ക് ഒപ്പം 15 ബോഡി ഗാര്‍ഡുമാരുടെ സംഘം എപ്പോഴും ഉണ്ടായിരുന്നുവെന്ന് സ്വപ്നയുടെ സഹോദരന്റെ വിവാഹപാര്‍ട്ടിക്കിടെ മര്‍ദനമേറ്റ യുവാവ് വെളിപ്പെടുത്തി. മര്‍ദിക്കാന്‍ കൂട്ടുനിന്നത് സരിത്താണ്. വിവാഹപാര്‍ട്ടിയില്‍ മുഴുവന്‍ സമയവും മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു.