കോട്ടയം: അഭ്യസ്ത വിദ്യരായ ലക്ഷക്കണക്കിന് തൊഴിലന്വേഷകരെ വഞ്ചിച്ച് എസ് എഫ് ഐക്ക് വേണ്ടി ഭരണഘടനാ സ്ഥാപനമായ പി എസ് സി ദാസ്യവേല നടത്തുകയാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. വിശ്വാസ്യത നഷ്ടപ്പെട്ട പി എസ് സി ചെയര്‍മാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച പി എസ് സി അപേക്ഷാ ഫോറം കത്തിക്കലും പി എസ് സി മന്ദിരത്തിന്റെ ചിതയൊരുക്കല്‍ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിന പരിശ്രമത്തിലൂടെ പരീക്ഷയെഴുതി കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ ജോലിക്കായി എസ് എഫ് ഐയില്‍ ചേരേണ്ട ഗതികേടിലാണെന്നും സജി കുറ്റപ്പെടുത്തി.
വ്യാജ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കലും, പരീക്ഷാ പേപ്പര്‍ അട്ടിമറിയും ശീലമാക്കിയ എസ് എഫ് ഐ വ്യാജ നോട്ടടി കൂടി നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും, കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളുടെയും യൂണിവേഴ്‌സിറ്റി കോളേജുകളുടെയും ഹോസ്റ്റലുകളില്‍ അനധികൃതമായി താമസിക്കുന്ന എസ് എഫ് ഐ ഗുണ്ടകളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കണമെന്നും സജി ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജന. സെക്രട്ടറി എം മോനിച്ചന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ അഡ്വ.ജയ്‌സന്‍ ജോസഫ്, ജൂണി കുതിരവട്ടം, ജെയ്‌സ് വെട്ടിയാര്‍, വി. ആര്‍ രാജേഷ്, സാബു പീടിയേക്കല്‍, ജോയി സി കാപ്പന്‍, ബോബന്‍ മഞ്ഞളാമല, സെബാസ്റ്റ്യന്‍ കാശാംകാട്ടില്‍, എ ബി പൊന്നാട്ട്, പ്രസാദ് ഉരുളികുന്നം, രാജന്‍ കുളങ്ങര, ജോണിച്ചന്‍ പൂമരം, ഷിനു പാലത്തുങ്കല്‍ , രാജേഷ് ഉമ്മന്‍ കോശി,ജോബി ജോണ്‍ തീക്കുഴിവേലില്‍, സനു മാത്യു, ഷിജു പാറയിടുക്കില്‍, ലൈറ്റസ് മാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.