സോൾ:ദക്ഷിണ – ഉത്തര കൊറിയകള്‍ക്കിടിയില്‍ സംഘര്‍ത്തിന് ആക്കം കൂടി ദക്ഷിണ കൊറിയയില്‍ സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി വൈടിഎൻ ടെലിവിഷനിൽ നടത്തിയ അടിയന്തര ദേശീയ പ്രസംഗത്തിൽ “നാണംകെട്ട ഉത്തര കൊറിയൻ അനുകൂല രാഷ്ട്ര വിരുദ്ധ ശക്തികളെ” ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യെയോൾ രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഉത്തര കൊറിയയിൽ നിന്നുള്ള പ്രത്യേക ആണവ ഭീഷണിയെക്കുറിച്ച് പരാമർശിച്ചില്ലെങ്കിലും, തെക്കന്‍ രാഷ്ട്രീയ എതിരാളികളിൽ യെയോൾ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം പ്രസിഡന്‍റിന്‍റെ പുതിയ നീക്കം രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യ ചരിത്രത്തിന്‍റെ ആദ്യ കാലഘട്ടങ്ങളില്‍ സ്വേച്ഛാധിപതികളായ ഭരണാധികാരകള്‍ ഉണ്ടായിരുന്നെങ്കിലും 1980 കള്‍ മുതല്‍ രാജ്യത്ത് ജനാധിപത്യ ബോധമുള്ള നേതാക്കളാണ് ഭരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ സൈനിക ഭരണം പ്രഖ്യാപിക്കപ്പെട്ടതോടെ കൊറിയൻ കറൻസിയായ വോണിന്‍റെ മൂല്യം ഡോളറുമായി തട്ടിച്ച് നോക്കുമ്പോള്‍ കുത്തനെ ഇടിഞ്ഞു. സ്വതന്ത്രവും ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഇത്തരമൊരു നടപടിയല്ലാതെ മറ്റൊന്നും തനിക്ക് മുന്നില്ലില്ലെന്നും സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കവെ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യെയോൾ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ട് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനാണ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റ് നടപടിക്രമങ്ങള്‍ തടസപ്പെടുത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രിയാണ് യൂണിന് സൈനിക നിയമങ്ങൾ നിർദ്ദേശിച്ചതെന്നായിരുന്നു യോൻഹാപ്പ് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തത്.
ടാങ്കുകളും കവചിത സൈനിക വാഹനങ്ങളും തോക്കുകളും കത്തികളും കൈവശമുള്ള സൈനികർ ഇനി രാജ്യം ഭരിക്കുമെന്നായിരുന്നു പാർലമെന്‍റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ലീ ജേ-മ്യുങ് ആരോപിച്ചത്. സര്‍ക്കാറിന്‍റെ ബജറ്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി ഈ ആഴ്ച ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ അസാധാരണമായ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദക്ഷിണ കൊറിയയുടെ പുതിയ നടപടിയെ കുറിച്ച് ഉത്തര കൊറിയയുടെ പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.