ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ തിരികെ പറന്നതില്‍ വിശദീകരണവുമായി ഇന്‍ഡിഗോ. അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യുന്ന ഗോ-എറൗണ്ട് എന്ന മാര്‍ഗമാണ് പൈലറ്റ് നടത്തിയതെന്നാണ് എയര്‍ലൈന്‍സ് നല്‍കുന്ന വിശദീകരണം. ഇന്‍ഡിഗോയുടെ എ320 നിയോ വിമാനമാണ് ലാന്‍ഡിങ് സാധിക്കാതെ തിരികെ പറന്നത്.
മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന 6E 683 വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ ഇറക്കാന്‍ സാധിക്കാതെ വന്നത്. ഇതോടെ റണ്‍വേയ്ക്ക് തൊട്ടടുത്ത് നിന്ന് വിമാനം വീണ്ടും ഉയര്‍ത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. ഇതോടെ ഈ സമയത്ത് ഇവിടെ എത്തിയതിനെ കുറ്റപ്പെടുത്തിയും പൈലറ്റിന്റെ സമയോജിതമായ ഇടപെടലുകളെ പ്രശംസിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ ഉറപ്പാക്കേണ്ട സുരക്ഷാ പ്രോട്ടോകോളിന്റെ ഭാഗമായാണ് ഗോ-എറൗണ്ട് നടപ്പാക്കിയതെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ശക്തമായ കാറ്റും മഴയും മൂലം ലാന്‍ഡിങ്ങിന് സാധിക്കാത്ത പ്രതികൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് കോക്പിറ്റ് ക്രൂ എല്ലാ സുരക്ഷ പ്രോട്ടോകോളും പാലിച്ച് ഗോ-എറൗണ്ട് നടത്തിയതെന്നും ഇന്‍ഡിഗോ വക്താവ് അറിയിച്ചു.
ഇന്‍ഡിഗോയുടെ പൈലറ്റുമാര്‍ മികച്ച പരിശീലനം നേടിയിട്ടുള്ളവരാണെന്നും ഇത്തരം സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം അവര്‍ക്കുണ്ടെന്നും എയര്‍ലൈന്‍സ് അവകാശപ്പെടുന്നു. സുരക്ഷിതമായ ലാന്‍ഡിങ് സാധ്യമല്ലാത്ത സാഹചര്യങ്ങളിലാണ് ഗോ-എറൗണ്ട് നടപ്പാക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം. ഈ സംഭവത്തോടെ ഇക്കാര്യം വീണ്ടും അടിവരയിടുകയാണെന്നും ഇന്‍ഡിഗോ അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിയുകയും ലാന്‍ഡിങ് സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് പറന്നുയരുകയുമായിരുന്നു. റണ്‍വേയില്‍ വെള്ളം കെട്ടിക്കിടന്നതും ലാന്‍ഡിങ് ദുഷ്‌കരമാക്കി.
ശനിയാഴ്ച വൈകീട്ടോടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് വിമാനത്താവളം ഞായറാഴ്ച രാവിലെയോടെ തുറന്നു.