കൊച്ചി: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവംബര്‍ 16 ന് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
തിരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണം, പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കണം, ഇക്കാര്യങ്ങളില്‍ ഹൈക്കോടതി അടിയന്തിരമായി ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നിവയായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭരണ സമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യവും നയപരമായ തീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യവും നിരസിച്ചു.
ഈ മാസം 16ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരായിരുന്നു വിജയിച്ചത്.തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം നടന്നുവെന്നും പലര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.