കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ് ഇപ്പോൾ വധൂവരന്മാർക്കിടയിൽ വലിയൊരു ആചാരം പോലെ തുടർന്ന് വരികയാണ്.
വിവാഹനിശ്ചയ സമയത്ത് വധുവിനെ വിലകൂടിയ ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐഫോൺ നൽകിയില്ലെങ്കിൽ മാനഹാനിയോ കുറച്ചിലോ ആണെന്ന ചിന്തവരെയെത്തി കാര്യങ്ങൾ. ഐഫോൺ സമ്മാനം കിട്ടാനായി വിവാഹത്തിന് സമ്മതിച്ച ചങ്കത്തി എന്ന രീതിയിൽ ട്രോളുകൾ വരെ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ വിന്നിട്ടുണ്ട്.
ഈ ട്രെൻഡ് പിൻപറ്റി ഉണ്ടാവുന്ന ചതിക്കുഴികളെ പറ്റി എഴുതുകയാണ് ആശാ റാണി. വിവാഹനിശ്ചസമയത്തെ ഈ ഫോൺ സമ്മാനം നൽകുന്നതിന് പിന്നിൽ ചില യുവാക്കളുടെ ചതിയും ഉണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഒരു അനുഭവം മാതൃകയായി പറഞ്ഞാണ് അവർ ചതിക്കുഴിയെ കുറിച്ചും ഓർമ്മിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
കുറെ വർഷം മുമ്പ് എന്റെ ഒരു സ്റ്റൂഡന്റ് അവളുടെ വിവാഹ നിശ്ചയം ക്ഷണിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ അന്നാണ് അവൾ വരനെ ആദ്യമായി കാണുന്നത്, വിവാഹ നിശ്ചയം എന്നല്ല ഏതാണ്ട് പെണ്ണുകാണൽ എന്ന് തന്നെ പറയാവുന്നചടങ്ങാണ് . അവളുടെ പിതാവും അയാളുടെ സഹോദരന്മാരും ഒക്കെ ചേർന്ന് വിവാഹം ഉറപ്പിച്ച ശേഷം ഈ ചടങ്ങിൽ വച്ചാണ് അവളും അവളുടെ മാതാവും പ്രതിശ്രുതവരനെ ആദ്യമായി കാണുന്നത് .
അതുകൊണ്ട് തന്നെ പെണ്ണുകാണൽ + വിവാഹ നിശ്ചയം ഒരുമിച്ച് നടത്തപ്പെട്ടു. പ്രവാസികളായത് കൊണ്ട് ഫോറിൻ മിഠായികൊണ്ട് ഡെക്കറേറ്റ് ചെയ്ത ബൊക്കകളും താലങ്ങളും, പെർഫ്യൂകളും ഒക്കെ പെൺകുട്ടിക്ക് സമ്മാനമായി കൊടുത്താണ് ആ ചടങ്ങ് നടന്നത്.
നല്ല വെറൈറ്റി ആയി തോന്നി. കാരണം അതിന് മുമ്പൊന്നും അത്തരം ഒരു പരിപാടി കണ്ടിട്ടില്ല. ആ ചടങ്ങ് ദിവസം പ്രതിശ്രുത വരൻ അവൾക്കൊരു പുതിയ ഐഫോൺ സമ്മാനിച്ചു. അതും ഒരു ചടങ്ങാണത്രെ. വരന്റെ പെങ്ങൾ അപ്പോൾ തന്നെ പുതിയ ഫോണിലേക്ക് മണവാട്ടിയാകാൻ പോകുന്നവളുടെ സിംകാർഡ് മാറ്റിയിട്ട് പുതിയ ഫോൺ പിടിപ്പിച്ചു.
പെൺകുട്ടി ഹാപ്പി, ചെറുക്കൻ ഹാപ്പി നാട്ടുകാരും നാത്തൂന്മാരും ഹാപ്പി. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് പെൺകുട്ടി പഴയ പോലെ അല്ല, ആകെ ഉൾവലിയൽ സ്വഭാവം, സൗഹൃദങ്ങൾ കട്ട്, ആക്റ്റിവിറ്റികൾ ആകെ മൊത്തം കട്ട്.
പൊതുവെ വിവാഹം അടുക്കുമ്പോൾ അതും അറേഞ്ച്ഡ് മാര്യേജ് ആകുമ്പോൾ പെൺകുട്ടികൾ പൂർവ്വാശ്രമം ലോക്കിട്ട് പൂട്ടി മാലാഖ വേഷം അണിയുന്നത് നാട്ടുനടപ്പാണല്ലോ. അതുകൊണ്ട് ഒരു അസ്വാഭാവീകതയും തോന്നിയില്ല. പക്ഷെ സാധാരണ പെൺകുട്ടികൾ അതിലൊക്കെ ഹാപ്പിയായിരിക്കുമല്ലോ
പക്ഷെ ഇവൾ അങ്ങനെയല്ല ആകെ മൂകത, മ്‌ളാനത. ഒരു ദിവസം അവൾ അമ്മയുടെ ഫോണിൽ നിന്ന് എന്നെ വിളിച്ച് ചോദിച്ചു, മിസ്സ് ഫോൺ ടാപ്പ് ചെയ്യുന്ന സോഫ്‌റ്റ്വെയറുകളോ ആപ്പുകളോ ഒക്കെ ഉണ്ടോന്ന്. അക്കാലത്ത് സ്മാർട്ട് ഫോണൂകളെ പറ്റി അത്രമാത്രം വിവരമില്ലാത്തത് കൊണ്ട് ഉറപ്പിച്ച് ഒന്നും പറയാൻ സാധിച്ചില്ല.
എന്താ കാര്യം എന്ന് ചോദിച്ചു , അവൾക്ക് സംശയം പ്രതിശ്രുത വരൻ തന്റെ ഫോൺ ആക്റ്റിവിറ്റീസ് ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് , സൗഹൃദങ്ങൾ, സോഷ്യൽ മീഡിയ, യാത്രകൾ അങ്ങനെ എല്ലായിടത്തും അയാളുടെ നിയന്ത്രണം. ഇതൊക്കെ അവളെ നിരന്തരം ചോദ്യം ചെയ്ത് പറയിപ്പിക്കുക എന്നതാണ് അയാളുടെ രീതി.
അതുകൊണ്ട് ഫോൺ ചോർത്തുന്നതാണോ അതോ അയാൾ സ്വന്തം സ്വഭാവ വൈകൃതം കൊണ്ട് അവളെ കൊണ്ട് തന്നെ പറയിപ്പിച്ച് അതിന് റസ്ട്രിക്ഷനിടുന്നതാണോ എന്ന് സംശയം. അവളുടെ പേടിയും മാനസിക ബുദ്ധിമുട്ടും കണ്ട് ഞാൻ ഉടനടി നിർദേശിച്ച പരിഹാരം ഫോണെടുത്ത് ഫാക്ടറി റീസെറ്റ് ചെയ്യാനാണ്. അല്ലാതെ അങ്ങനെയാരു സ്‌പൈ സോഫ്‌റ്റ്വെയറോ ആപ്പോ അതിലുണ്ടോ എന്ന് ചെക്ക് ചെയ്യാനുള്ള ബുദ്ധി പോയില്ല. എന്തായാലും ഫാക്ടറി റീസെറ്റ് ചെയ്തതോടെ പ്രതിശ്രുത വരന് കണ്ട്രോള് പോയി.
നിരന്തരം വഴക്കുകളായി അവസാനം വിവാഹം വേണ്ടന്ന് വച്ചു. ഫോൺ ആക്റ്റിവിറ്റീസ് ടാപ്പ് ചെയ്തു എന്നത് അവളുടെ വെറും സംശയരോഗമായി സ്വന്തം കുടുംബം പോലും വ്യാഖ്യാനിച്ചു. ഇന്ന് രാവിലെ ഒരു വീഡിയോ കാണുന്നു. അതിൽ ഒരു മനുഷ്യൻ പറയുന്നു. പല യുവാക്കളും വിവാഹ നിശ്ചയത്തിന് ഫോൺ സമ്മാനം കൊടുക്കുന്നത് ഇത്തരം ആപ്പുകൾ install ചെയ്താണത്രെ.
കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീയുടെ ചാരിത്ര്യമാപിനി ആണത്രെ അത്തരം ഫോണുകൾ. അയാൾ അത്തരം പരിപാടികൾ ധാരാളം ചെയ്ത് കൊടുക്കുന്ന ഒരാളാണ്. പ്രത്യേകിച്ച് പ്രവാസി യുവാക്കൾ പോപ്പുലറാക്കിയ ഫോൺ സമ്മാന വിവാഹ നിശ്ചയങ്ങൾ പലതും പ്രതിശ്രുത വധുവിന്റെ ജീവിതത്തിലെ CCTV കളായിരുന്നത്രെ. അത് വായിച്ചപ്പോൾ ശരിക്കും രോഗഗ്രസ്ഥരായ നമ്മുടെ സമൂഹത്തെ ഓർത്ത് കഷ്ടം തോന്നി.
സ്വകാര്യ ജീവിതം, സ്വതന്ത്ര വ്യക്തിത്വം അതും സ്ത്രീയുടേതിന് യാതൊരു മൂല്യവും ഇല്ലാത്ത ഒരു സമൂഹമാണല്ലോ നമ്മുടേത്. ഫോൺ മാത്രമെ സ്മാർട്ട് ആകുന്നുളളു. മനുഷ്യർ ഇന്നും നൂറ്റാണ്ട് പിറകിലാണ്. വർഷങ്ങൾക്ക് ശേഷം എന്റെ സ്റ്റൂഡന്റിനെ ഓർത്തു. ഫേസ്ബുക്കിലും, ഇൻസ്റ്റയിലും ഒക്കെ നോക്കി. അവളെ കണ്ടില്ല. സോഷ്യൽ മീഡയയിൽ ആക്റ്റീവായ ഏതോ കുലപുരുഷന്റെ സോഷ്യൽ മീഡിയയിൽ ഇല്ലാത്ത ഭാര്യയായി ജീവിക്കുന്നുണ്ടാകും
ചിലപ്പോൾ എന്നാലും അന്ന് ആ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യൂ എന്ന് പറഞ്ഞപ്പോൾ അത് ഇടം വലം നോക്കാതെ അനുസരിച്ച അവളിൽ പ്രതീക്ഷയുണ്ട്. എവിടെയെങ്കിലും സോഷ്യൽ മീഡയ ഇല്ലാതെ തന്നെ സൗഹൃദങ്ങളും യാത്രകളും ഒക്കെയായി വളരെ ആക്റ്റീവായ ഒരു സോഷ്യൽ ലൈഫ് നയിക്കുന്നുണ്ടാകും അവൾ എന്ന് പ്രതീക്ഷിക്കുന്നു