ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരവാദികൾക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി സംയുക്ത സുരക്ഷാസേന. പുൽവാമയിലെ ഡംഗർപോറയിൽ താമസിക്കുന്ന ഡാനിഷ് ബഷീർ എന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പുൽവാമ പോലീസ്, 55 രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 182 ബറ്റാലിയൻ എന്നീ സേനകൾ ചേർന്ന് നടത്തിയ ദൗത്യത്തിലാണ് തീവ്രവാദികളുടെ പ്രാദേശികസഹായിയെ പിടികൂടിയത്.
പ്രദേശത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സർക്കുലർ റോഡിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഡാനിഷ് ബഷീർ പിടിയിലാകുന്നത്. ഇയാളിൽ നിന്നും 12 ചൈനീസ് ഗ്രനേഡുകളും പിസ്റ്റളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബഷീറിനെ പുൽവാമയിലെ സംയുക്ത നാക്ക സംഘം പരിശോധനയ്‌ക്കായി തടഞ്ഞപ്പോഴാണ് ഗ്രനേഡുകൾ അടക്കം കണ്ടെടുത്തത്. സ്കൂട്ടറിനുള്ളിലായി സുരക്ഷിതമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ ആയിരുന്നു സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നത്. പിടികൂടിയ ഡാനിഷ് ബഷീറിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ), സ്‌ഫോടകവസ്തു നിയമം എന്നിവ പ്രകാരം കേസെടുക്കുമെന്ന് സുരക്ഷാസേന വ്യക്തമാക്കി.