ടെൽ അവീവ്: ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ലെബനനിൽ കര, വ്യോമ ആക്രമണം ഇസ്രയേൽ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുള്ള. ഇസ്രയേലിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യം വെച്ച് ലെബനനിൽനിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.
ഞായറാഴ്ച പുലർച്ചെ ആദ്യം 70 റോക്കറ്റുകൾ വര്‍ഷിച്ചതായാണ് റിപ്പോർട്ട്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം 30 റോക്കറ്റുകൾ കൂടെ ഇസ്രയേലിലേക്ക് കടന്നു. ഇസ്രയേലിലെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതായി ഇസ്രയേൽ വാർ റൂം സ്ഥിരീകരിച്ചു. ഇതില്‍ കുറേ റോക്കറ്റുകൾ ഇസ്രയേല്‍ വ്യോമസേന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വച്ച് തന്നെ തകര്‍ത്തു.
വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഞായറാഴ്ച മാത്രം 73 പേർ മരിച്ചു. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 108 ആയി.
നേരത്തെ, യഹിയ സിൻവാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ലെബനിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകളിൽ രണ്ടെണ്ണം ഇസ്രയേൽ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.