കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ആരെയും സംരക്ഷിക്കില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സി വേണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സോളാറും സ്വര്‍ണ്ണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം സ്വര്‍ണ്ണക്കടത്തുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തെ ഞെട്ടിച്ച ഒരു കള്ളക്കടത്താണ് നടന്നത്. ഇതിന്റെ എല്ലാ വിവരങ്ങളും പുറത്തുവരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുകേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയം കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ നിന്നു ഒഴിഞ്ഞുമാറാനാവില്ല. സ്വപ്നയുടെ ഐടി മിഷനിലെ അപ്പോയിന്‍മെന്റിലും ദുരൂഹതയുണ്ട്. ഇതും അന്വേഷിക്കേണ്ടതാണ്. ഇത്രയും വലിയ പോസ്റ്റിലൊക്കെ നിയമിക്കുമ്പോള്‍, ്രൈകംബ്രാഞ്ച് കേസ് അടക്കമുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം കേസിന്റെ വിശദാംശങ്ങള്‍ തേടി സി.ബി.ഐ സംഘവും കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിലെത്തിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനാണ് സി.ബി.ഐ സംഘം എത്തിയത്. സ്വര്‍ണ്ണക്കടത്തിലെ പ്രതി സരിത്തിനെ പിടികൂടിയതിന് പിന്നാലെ മുഖ്യആസൂത്രകയായ സ്വപ്ന സുരേഷ് ഒളിവില്‍ പോയിരുന്നു. അവരുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് സംഘം പെന്‍ഡ്രൈവ്, ലാപ്‌ടോപ് തുടങ്ങി നിരവധി തെളിവുകള്‍ കണ്ടെടുത്തിരുന്നു. ഒളിവിലുള്ള സ്വപ്നയെ കണ്ടെത്താന്‍ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.