തിരുവനന്തപുരം: മലയാള ചലച്ചിത്ര കലാകാരനെന്ന അടിസ്ഥാന മേല്‍വിലാസത്തില്‍നിന്നുകൊണ്ടുതന്നെ ദേശീയ ചലച്ചിത്രകാരനായി ഉയര്‍ന്നുനില്‍ക്കുന്ന നടനാണ് മോഹന്‍ലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ യശസ്സുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച കലാകാരനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രദ്ധേയമായ എത്രയോ കഥാപാത്രങ്ങളെ എടുത്തുപറയേണ്ട മിഴിവോടെ വെള്ളിത്തിരയിലൂടെ മലയാള പ്രേഷകന്റെ മനസ്സില്‍ സ്ഥാപിച്ചു. ഭാവവൈവിധ്യങ്ങളുടെ കലാകാരനാണ് മോഹന്‍ലാലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
മോഹന്‍ലാലിലെ മനുഷത്വവും ജീവകാരുണ്യമനോഭാവവും എടുത്തുപറയേണ്ടതാണ്. പ്രളയമുണ്ടായപ്പോള്‍ ആദ്യഘട്ടത്തില്‍തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ സംഭാവനയുമായി നേരിട്ടുവന്നു. വയനാട് ദുരന്തമുണ്ടായപ്പോഴും ആദ്യംതന്നെ സഹായം പ്രഖ്യാപിച്ചവരുടെ നിരയിലാണ് മോഹന്‍ലാല്‍. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന കേരളീയനായ ഈ കലാകാരന്, എല്ലാഘട്ടത്തിലും അഭിനയകലയില്‍ അത്യപൂര്‍വ്വം പേര്‍ക്ക് മാത്രം അളന്നുകുറിക്കാന്‍ കഴിഞ്ഞിട്ടുള്ള ഔന്നത്യങ്ങളിലേക്ക് എത്താന്‍ സാധിച്ചു. ജീവിതമാകെ കലയ്ക്കായി സമര്‍പ്പിച്ചാല്‍ മാത്രമേ കലയില്‍ അത്യുന്നത തലങ്ങളിലേക്ക് എത്താന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കലാകാരികളുടെ മുമ്പില്‍ ഒരുവിധ ഉപാധികളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലേതരമായ ഒരുവ്യവസ്ഥയും ഉണ്ടാവരുത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ നിര്‍ബന്ധം ഉള്ളതുകൊണ്ടാണ്, ചില പരാതികള്‍ ഉണ്ടായപ്പോള്‍ സ്ത്രീകളുടേത് മാത്രമായ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യയിലാകെ ഒരിടത്തുമാത്രമേ ഇത്തരമൊരു നടപടിയുണ്ടായിട്ടുള്ളൂ, അത് കേരളത്തിലാണ്. അഭിമാനിക്കാവുന്ന മാതൃകയാണത്. ഈ മാതൃക പലയിടത്തും സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.