തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മഹാഭൂരിപക്ഷവും ഓണ്‍ലൈനിലാണെങ്കിലും അപേക്ഷ നല്‍കുന്നവരെ നേരിട്ട് വിളിച്ചുവരുത്തുന്ന സ്ഥിതി പലയിടത്തുമുണ്ട്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്താന്‍ പാടില്ല. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സേവനം ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. ഓരോ അപേക്ഷയും സമര്‍പ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ഓണ്‍ലൈനിലും ഓഫ്ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂര്‍ണമായ അപേക്ഷകളില്‍ സേവനാവകാശ നിയമപ്രകാരം പരിഹാരം/സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീതിനൊപ്പം അപേക്ഷകന് നല്‍കും. പുതിയ രേഖകള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാല്‍ ആവശ്യപ്പെടാനാവില്ല.