കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി,നിലവിളിച്ച് യുവതി;പ്രതിയെ കൈയ്യോടെ പൊക്കി നാട്ടുകാർ

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സമൂഹത്തിൽ വർധിച്ചുവരുകയാണ്. എല്ലാം മഞ്ഞക്കണ്ണിൽ കാണാൻ തുടങ്ങിയിരിക്കുന്നു. ഒരു കുഞ്ഞിന് സ്വന്തം അമ്മ മുലപ്പാൽ നൽകുന്നത് വരെ ഇപ്പോൾ ലൈംഗിക കണ്ണുകൾ കൊണ്ടാണ് കാണുന്നത്. അങ്ങനെ ഒരു കൊടുംക്രൂരത നിറഞ്ഞ സംഭവമാണ് തിരുവനന്തപുരത്ത് നടന്നിരിക്കുന്നത്.

മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതിയാണ് അറസ്റ്റിലായത്. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തിനെ (31) ആണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയത്.

ഫോണിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സംഭവത്തിൽ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഒറ്റ ദിവസം കൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്.

കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News