മുംബൈ: 1987 മുതൽ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് 73 കാരനെതിരെ ചുമത്തിയ ബലാത്സംഗക്കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണുണ്ടയതെന്ന് എഫ്ഐആറിലെ ഉള്ളടക്കം വ്യക്തമാക്കുന്നുവെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, നീലാ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്തത് 2018ലാണെന്നും കാലതാമസത്തിന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ കക്ഷികൾ 31 വർഷമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ ബന്ധത്തോടുള്ള എതിർപ്പിനെക്കുറിച്ച് പരാതിക്കാരി ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും ബന്ധം വഷളാകുമ്പോൾ പരാതി നൽകുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഈ കേസെന്നും കോടതി നിരീക്ഷിച്ചു.
1987ലാണ് യുവതി പുരുഷൻ്റെ കമ്പനിയിൽ ചേർന്നത്. ആ സമയത്ത് പ്രതി ബലമായി ലൈംഗികബന്ധം സ്ഥാപിച്ചുവെന്നാണ് കേസ്. അതിനുശേഷം, 1987 ജൂലൈ മുതൽ 2017 വരെ, 30 വർഷത്തോളം പ്രതി കല്യാൺ, ഭിവണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകളിൽ വച്ച് ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും 1993-ൽ കഴുത്തിൽ ഒരു 'മംഗളസൂത്രം' അണിയിക്കുകയും രണ്ടാം ഭാര്യയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റാരെയും വിവാഹം കഴിക്കാൻ അനുവദിച്ചിക്കില്ലെന്ന് പ്രതി പറഞ്ഞെന്നും പരാതിക്കാരി പറഞ്ഞു.
1996-ൽ പ്രതിക്ക് ഹൃദയാഘാതം ഉണ്ടായതിനാൽ കമ്പനിയുടെ കാര്യങ്ങൾ നോക്കിയിരുന്നതായി പരാതിക്കാരി അവകാശപ്പെട്ടു. 2017 സെപ്റ്റംബറിൽ പരാതിക്കാരിയുടെ അമ്മയ്ക്ക് കാൻസർ ബാധിച്ചതിനാൽ ജോലിയിൽ നിന്ന് അവധി എടുക്കേണ്ടിവന്നു. തിരികെയെത്തിയപ്പോൾ ഓഫീസ് അടഞ്ഞുകിടക്കുന്നതായും കമ്പനിയുടെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായും കണ്ടു. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടപ്പോൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ബാങ്കിംഗ്, ആദായനികുതി, മെഡിക്കൽ ഷോപ്പുമായി ബന്ധപ്പെട്ട കരാർ, 'മംഗളസൂത്രം' എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയില്ല. തന്നെ കാണാൻ വിസമ്മതിക്കുകയും ചെയ്തു. പ്രതി വിവാഹിതനാണെന്ന് യുവതിക്ക് അറിയാമായിരുന്നുവെന്നും വിവാഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഉറപ്പ് വിശ്വസിച്ചിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.