ആലപ്പുഴ : മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് വിവാദ യൂട്യൂബർ സഞ്ജു ടെക്കി മുഖ്യാതിഥി. റോഡ് നിയമലംഘനങ്ങൾ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായുളള പരിപാടിയിൽ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് നോട്ടീസിൽ സഞ്ജു ടെക്കിക്ക് നൽകിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.
ഗതാഗത നിയമ ലംഘനങ്ങളും അതിൽ നടപടിയെടുത്തതോടെ ഉദ്യോഗസ്ഥരെ കളിയാക്കി വീഡിയോ ചെയ്തിലൂടെയും വിവാദങ്ങളിലിടം പിടിച്ച യൂട്യൂബറാണ് സഞ്ജു ടെക്കി. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്ത് ഗതാഗത നിയമലംഘനം നടത്തിയതോടെയാണ് സഞ്ജുവിനെതിരെ എംവിഡി ആദ്യം നടപടിയെടുത്തത്. എന്നാൽ അതിന് ശേഷം നടപടിയെ കളിയാക്കി സഞ്ജു വീണ്ടും വീഡിയോ പുറത്തിറക്കി. പിന്നാലെ എംവിഡി നടപടി കടുപ്പിച്ചു. ഒപ്പം കോടതിയും ഇടപെട്ടു. തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിന്റെ ഡ്രൈവിംഗ്ലൈസൻസ് റദ്ദാക്കി. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമായിരുന്നില്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ.
മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, പബ്ലിക്ക് റോഡിൽ പലതവണ മത്സര ഓട്ടം നടത്തി, വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചു, അമിത ശബ്ദമുള്ള സ്പീക്കർഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി തുടങ്ങി, വാഹനത്തിൽ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച് നിരത്തിലിറക്കി തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് എംവിഡി കണ്ടെത്തിയത്. പ്രായ പൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവമുൾപ്പടെ പലതവണ സഞ്ജു മോട്ടോർ വാഹന വകുപ്പിന്റെ നടപടി നേരിട്ടിട്ടുണ്ട്.