കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ കീഴ്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒന്നും രണ്ടും പ്രതികളായ ഡോ. സി.കെ. രമേശൻ, ഡോ.എം. ഷഹന എന്നിവർ നൽകിയ റിട്ട് ഹരജിയിലാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേസ് നടപടികൾ സ്റ്റേ ചെയ്തത്. ബുധനാഴ്ച കുന്ദമംഗലം കോടതിയിൽ കേസ് വാദം കേൾക്കാനിരിക്കെയാണ് സ്റ്റേ. പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് അംഗീകരിച്ചിട്ടില്ലെന്നും ബോർഡിന്‍റെ അനുമതിയില്ലാതെയാണ് തങ്ങളെ പ്രതികളാക്കിയതെന്നുമാണ് ഹരജിക്കാരുടെ വാദം.
2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. ശസ്ത്രക്രിയയിൽ പങ്കാളികളായ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ അസി. പ്രഫസറായ കണ്ണൂർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ. രമേശൻ, നിലവിൽ കോട്ടയം സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന മലപ്പുറം ചങ്കുവെട്ടി മംഗലത്ത് വീട്ടിൽ ഡോ.എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലെ നഴ്‌സുമാരായ കോഴിക്കോട് പന്തീരാങ്കാവ് പാലത്തുംകുഴി ബിവർലി ഹിൽസിൽ എം. രഹന, കോഴിക്കോട് ദേവഗിരി കളപ്പുരയിൽ ഹൗസിൽ കെ.ജി. മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. ഡോ. ഷഹന ഒഴികെയുള്ള മൂന്ന് പ്രതികളും ഇക്കഴിഞ്ഞ 11ന് കുന്ദമംഗലം കോടതിയിൽ ഹാജരായിരുന്നു.
വിവാദം സൃഷ്ടിച്ച കേസിൽ മെഡിക്കൽ കോളജിലെ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാർ ആദ്യഘട്ടം മുതൽ സ്വീകരിച്ചത്. മൂന്ന് പ്രസവ ശസ്ത്രക്രിയകൾ നടത്തിയ ഹർഷിനയുടെ വയറ്റിൽ എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടുപിടിക്കാൻ കഴിയില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിലപാട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് ശാസ്ത്രീയമായി തെളിയിച്ചിട്ടും അത് മെഡിക്കൽ ബോർഡ് തള്ളി. പിന്നീട് പ്രതിഷേധം ശക്തമായതോടെ അന്വേഷണവുമായി മുന്നോട്ടുപോവാൻ പൊലീസിന് സർക്കാർ അനുമതി നൽകുകയായിരുന്നു.