കൊച്ചി: ഉടമ അറിയാതെ സെയിൽസ്മാന്റെ ‘വസ്ത്രക്കച്ചവടം’. രണ്ട് വർഷം കൊണ്ട് കൈക്കലാക്കിയത് പത്ത് ലക്ഷത്തിലധികം രൂപ. എറണാകുളം മാർക്കറ്റ് റോഡിലെ ഒരു വസ്ത്രമൊത്തവ്യാപാര സ്ഥാപനത്തിലാണ് സെയിൽസ്മാൻ അതിസമർത്ഥമായി തട്ടിപ്പ് നടത്തിയിരുന്നത്.
സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് സെയിൽമാനെ പ്രതിചേർത്ത് കഴിഞ്ഞദിവസം കേസെടുത്തു. ഇയാളുടെ ഭാര്യയും ഭാര്യാസഹോദരിയും കൂട്ടുപ്രതികളാണ്. കള്ളക്കച്ചവടം തിരിച്ചറിഞ്ഞ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
എറണാകുളം സ്വദേശിയായ 40കാരനാണ് മുഖ്യപ്രതി. 2021മുതൽ ഇയാൾ പരാതിക്കാരന്റെ മാർക്കറ്റ് റോഡിലെ വസ്ത്രമൊത്തവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. മൊത്തക്കച്ചവടക്കാർ നൽകുന്ന തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇടപാടുകാരുടെ നമ്പറുകൾക്ക് പകരം ഭാര്യയുടെയും സഹോദരിയുടെയും നമ്പറുകൾ ചേർക്കും.
ഇതിനൊപ്പം പണം പിന്നീട് നൽകാമെന്ന് മൊത്തച്ചവടക്കാർ ഉറപ്പ് നൽകിയതായി കടയുടമയെ ധരിപ്പിക്കും. പണം ആവശ്യപ്പെട്ട് സ്ഥാപനയുടമ വിളിക്കുമ്പോൾ ഫോൺ എടുക്കുന്ന കുടുംബാംഗങ്ങൾ തുക പിന്നീട് നൽകാമെന്നെല്ലാം പറഞ്ഞൊഴിയും. ഇത് പതിവായതോടെ ഉടമ ഇടപാടുകാരെ നേരിൽ ബന്ധപ്പെടുകയായിരുന്നു.
പലരിൽ നിന്നായി 10,39,000 രൂപ 40കാരൻ തട്ടിയെടുത്തതായാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതിയെ അക്കൗണ്ടിലേക്ക് മാറ്റിയ പണമെല്ലാം ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പരാതിയിൽ പറയുന്നു. ഗൂഡാലോചന അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്റിലേക്ക് പൊലീസ് നീങ്ങുകയുള്ളൂ.