ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡൽഹി ഹൈക്കോടതി ഹർജി തള്ളിക്കൊണ്ടു പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണെന്നും ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു.
രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞമാസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിരെയാണ് കോടതിയില്‍ ഹർജിയെത്തിയത്. ഏപ്രിൽ 27ന് ഹിമാചൽപ്രദേശിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ പ്രസംഗവും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഢ നടത്തിയ സമൂഹ മാധ്യമ പോസ്റ്റുകളെക്കുറിച്ചും ഹർജിയിൽ പറയുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തിയ എല്ലാ നേതാക്കൾക്ക് എതിരെയും നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ബിആർഎസ് നേതാവ് കെ.ചന്ദ്രശേഖർ റാവുവിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഒരു നോട്ടിസ് പോലും അയച്ചിട്ടില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ കോടതിയിൽ പറഞ്ഞു. ‘‘എന്തുകൊണ്ടാണ് നരേന്ദ്ര മോദിക്ക് പ്രത്യേക പരിഗണന കിട്ടുന്നത്? തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ് ലഭിച്ചത് രാഷ്ട്രീയ പാർട്ടിക്കാണ്, അതിൽ പ്രസംഗത്തെക്കുറിച്ച് പരാമർശിക്കുന്നു പോലുമില്ല’’–നിസാം പാഷ പറഞ്ഞു.