ബെംഗളൂരു: പ്രജ്ജ്വൽ രേവണ്ണ എം.പി. ഉൾപ്പെട്ട അശ്ലീലവീഡിയോ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ച കേസിൽ രണ്ട് ബി.ജെ.പി. പ്രവർത്തകരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. ബി.ജെ.പി. ഹാസൻ മുൻ എം.എൽ.എ. പ്രീതം ഗൗഡയുടെ അനുയായികളായ യലഗുണ്ഡ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.
ഹാസനിലെ സൈബർ ഇക്കണോമിക് ആൻഡ് നർകോട്ടിക്‌സ് ക്രൈം (സി.ഇ.എൻ.) പോലീസ് സ്‌റ്റേഷനിൽ ഇരുവരെയും ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ചതിനെതിരേ ജെ.ഡി.എസ്. പ്രവർത്തകനായ പൂർണചന്ദ്ര തേജസ്വി ഏപ്രിൽ 22-ന് അഞ്ചാളുടെപേരിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
വീഡിയോ പ്രചരിപ്പിച്ച കേസിൽ മുഖ്യപ്രതിയായ നവീൻഗൗഡയെ തിരയുകയാണ് പോലീസ്. പ്രീതംഗൗഡയുടെ ഓഫീസിലെ മുൻജീവനക്കാരനാണ് ചേതൻ. ഏപ്രിൽ 21-നാണ് പെൻഡ്രൈവുകൾ വ്യാപകമായി പ്രചരിച്ചത്. ഇതേത്തുടർന്ന് ജെ.ഡി.എസ്. പോൾ ഏജന്റ്കൂടിയായിരുന്ന പൂർണചന്ദ്ര തേജസ്വി പ്രജ്ജ്വലിന്റെ മുൻ കാർഡ്രൈവർ കാർത്തിക്, പുട്ടരാജു, നവീൻഗൗഡ, ചേതൻ, ലികിത് എന്നിവർക്കെതിരേ സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു.