തൃശൂര്‍:സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി.സുരേഷ് ഗോപി വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിക്ക് തന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കാമായിരുന്നു. വിളിക്കുമെന്ന് പ്രതീക്ഷിച്ചു. ഒരു ഡോക്ടർ വിളിച്ച് സുരേഷ് ഗോപി വരുന്നു എന്ന് പറഞ്ഞു. ആശാന് പത്മഭൂഷൻ ഒക്കെ വേണ്ടേ എന്ന് ചോദിച്ചു. അത് കേട്ടപ്പോൾ ആണ് മകൻ ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിക്ക് ഇനിയും വരാം, എത്തിയാൽ സ്വീകരിക്കും. മകനുമായി ഒരു ഭിന്നതയും ഇല്ല. സുരേഷ് ഗോപിയും ഞാനും തമ്മിൽ സ്നേഹ ബന്ധം ആണ്, അത് രാഷ്ട്രീയത്തിന് ഉപയോഗിക്കേണ്ടതില്ലെന്നും കലാമണ്ഡലം ഗോപി പ്രതികരിച്ചു.
സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് വിഡിയോ കൊടുക്കില്ല. താൻ ആലത്തൂർ മണ്ഡലത്തിൽ ആണ്. അതുകൊണ്ട് തൃശൂർ മണ്ഡലത്തിന് വോട്ട് ചോദിച്ചിട്ട് കാര്യമില്ല. കെ രാധാകൃഷ്ണനുമായി വലിയ സ്നേഹബന്ധമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
സ്നേഹബന്ധത്തിന്‍റെ പേരിൽ സുരേഷ് ഗോപിയും മുരളീധരനും ജയിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ താൻ ഇടതുപക്ഷക്കാരനാണ്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ ജയിക്കണം എന്നാണ് ആഗ്രഹമെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത്തു.