31.1 C
Kottayam
Thursday, May 16, 2024

ആദ്യപകുതിയിലെ രണ്ട് ഗോളിന് രണ്ടാം പകുതിയിൽ നാലടിച്ച് ബ്ലാസ്റ്റേഴ്‌സിൻ്റെ മറുപടി,ഗോവയെ മുക്കി കൊമ്പൻമാർ

Must read

കൊച്ചി: ഈ കണ്ടത് നിജം, കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എക്കാലത്തെയും ത്രില്ലര്‍ തിരിച്ചുവരവ്. ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണില്‍ എഫ്‌സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ജയഭേരി മുഴക്കി. ആദ്യപകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകള്‍ എങ്കില്‍ രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ നാല് മറുപടി ഗോളും.

ജയത്തോടെ കെബിഎഫ്‌സി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 16 കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് 29 ഉം, തൊട്ടുപിന്നിലുള്ള ഗോവയ്‌ക്ക് 15 മത്സരങ്ങളില്‍ 28 ഉം പോയിന്‍റാണുള്ളത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ത്രില്ലര്‍ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ശക്തമായ മടങ്ങിവരവ്.

കിക്കോഫായി 17 മിനുറ്റുകള്‍ക്കിടെ തന്നെ എഫ്‌സി ഗോവ ഇരട്ട ഗോളുമായി കൊച്ചിയില്‍ ലീഡ് ഉറപ്പിച്ചിരുന്നു. 7-ാം മിനുറ്റില്‍ റൗളിന്‍ ബോര്‍ജെസ് കോര്‍ണര്‍ കിക്കില്‍ നിന്ന് വീണുകിട്ടിയ പന്തില്‍ ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്‌സിനെ ആദ്യം വിറപ്പിച്ചു. 10 മിനുറ്റുകള്‍ക്കകം നോവ സദോയ് ഇടതുവിങ്ങിലൂടെ മുന്നേറി നല്‍കിയ ക്രോസില്‍ സ്ലൈഡ് ചെയ്‌ത് കാലുവെച്ച മുഹമ്മദ് യാസിര്‍ സുന്ദരന്‍ ഫിനിഷിംഗിലൂടെ ഗോവയുടെ രണ്ടാം ഗോള്‍ നേടി.

23-ാം മിനുറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് വളരെ കുറച്ച് മാത്രം ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ആദ്യപകുതി ഗോവയുടെ രണ്ട് ഗോള്‍ ലീഡുമായി അവസാനിച്ചു.

രണ്ടാംപകുതി തുടങ്ങി 51-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍ മടക്കാനായി. നേരിട്ടുള്ള ഫ്രീകിക്കില്‍ നിന്ന് ദൈസുകെ സകായ് ലക്ഷ്യം കാണുകയായിരുന്നു. ദിമിയെ ഒഡേയ് വീഴ്‌ത്തിയതിനായിരുന്നു റഫറി ഫ്രീകിക്ക് അനുവദിച്ചത്. കളി 78-ാം മിനുറ്റ് എത്തിയതും സകായുടെ ക്രോസില്‍ കാള്‍ മക്ഹ്യൂം പന്ത് കൈകൊണ്ട് തട്ടിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇത് വഴിത്തിരിവായി.

ഡയമന്‍റക്കോസ് തന്‍റെ ഇടംകാല്‍ കൊണ്ട് ഗോവ ഗോളി അര്‍ഷ്‌ദീപ് സിംഗിനെ അനായാസം കീഴടക്കിയതോടെ ബ്ലാസ്റ്റേഴ്‌സ് 2-2ന് ഒപ്പമെത്തി. തൊട്ടുപിന്നാലെ വീണ്ടും ലീഡ് എടുക്കാനുള്ള അവസരം ഗോവ താരങ്ങള്‍ പാഴാക്കി. എന്നാല്‍ 84-ാം മിനുറ്റില്‍ ദിമിത്രോസ് ഡമന്‍റക്കോസും 88-ാം മിനുറ്റില്‍ ഫെദോർ ചെർണിച്ചും സൂപ്പര്‍ ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്‌സിന് 4-2ന്‍റെ ജയം സമ്മാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week