കൊച്ചി: മോഷണക്കേസ് പ്രതികളെ പിടികൂടാനായി രാജസ്ഥാനിലെ അജ്‌മേറിലെത്തിയ കേരള പോലീസ് സംഘത്തിനുനേരേ വെടിവെപ്പ്. പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പോലീസിനുനേരേ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രതികളില്‍ രണ്ടുപേരെ പിന്നീട് പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടി. നാലുപ്രതികള്‍ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം രാത്രിയാണ് പോലീസ് സംഘത്തിനുനേരേ മോഷണക്കേസ് പ്രതികളുടെ ആക്രമണമുണ്ടായത്. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളായ അഞ്ച് പോലീസുകാരാണ് മോഷണക്കേസ് പ്രതികളെ പിടികൂടാനായി അജ്‌മേറിലെത്തിയത്.
കഴിഞ്ഞദിവസം രാത്രി പ്രതികളെ കണ്ടെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായത്. പോലീസുകാരെ കണ്ടതോടെ നിലത്തേക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. തുടര്‍ന്ന് പോലീസുകാര്‍ ഇവരെ പിന്തുടരുകയും രണ്ടുപേരെ സാഹസികമായി കീഴടക്കുകയുമായിരുന്നു.
ഏറെനേരത്തെ മല്‍പ്പിടിത്തത്തിന് ശേഷമാണ് ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ടുപേരെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് രണ്ടുതോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ആലുവയില്‍നിന്നുള്ള പോലീസ് സംഘവും കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും നിലവില്‍ അജ്‌മേറിലെ പോലീസ് സ്‌റ്റേഷനിലാണ്. മോഷണസംഘത്തില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികള്‍ക്കായി അജ്‌മേറില്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ആലുവയിലെ രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. ഈ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ തേടിയാണ് പോലീസ് സംഘം അജ്‌മേറിലെത്തിയത്. സൈബര്‍ തെളിവുകളടക്കം ശേഖരിച്ചാണ് പ്രതികള്‍ അജ്‌മേറിലുണ്ടെന്ന് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ പിടികൂടാനായി ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളായ അഞ്ചുപേര്‍ അജ്‌മേറിലേക്ക് തിരിക്കുകയായിരുന്നു.