കൊച്ചി: സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയിൽ വൻവർധന. രണ്ടരവർഷത്തിനിടയിൽ ലിഗംമാറ്റം നടത്തിയത് 365 പേർ. സർക്കാർസഹായവും ശസ്ത്രക്രിയാസൗകര്യങ്ങൾ കൂടിയതുമാണ് കാരണം. എറണാകുളത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലും കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലുമാണ് കൂടുതൽ ശസ്ത്രക്രിയ നടന്നത്. കോട്ടയത്ത് രണ്ടുവർഷത്തിടയിൽ 26 ശസ്ത്രക്രിയ നടന്നു.
കൂടുതൽപ്പേരും പെൺലിംഗത്തിലേക്കാണ് മാറിയത്. കോട്ടയം മെഡിക്കൽ കോളേജിൽ അടുത്തിടെ ആൺലിംഗത്തിലേക്കു മാറുന്നവരുടെ എണ്ണം അല്പം കൂടിയെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എം. ലക്ഷ്മി പറഞ്ഞു. ലിംഗമാറ്റം നടത്തിയാലും ഇവർ ട്രാൻസ്ജെൻഡർ അല്ലാതാകുന്നില്ല. ഇവർക്ക് ശാരീരികമായ സൗകര്യമൊരുക്കലാണ് ചെയ്തുകൊടുക്കാനാകുകയെന്നും ഡോക്ടർ പറഞ്ഞു.
സംസ്ഥാനസർക്കാർ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപവരെ സഹായം നൽകുന്നുണ്ട്. തുടർചികിത്സയ്ക്കും പോഷകാഹാരത്തിനും സഹായം നൽകുന്നുണ്ട്. ട്രാൻസ്‌വുമണാകാനുള്ള ശസ്ത്രക്രിയക്ക് രണ്ടരലക്ഷവും ട്രാൻസ്‌മെൻ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷവുമാണ് നൽകുക.
ശസ്ത്രക്രിയയും ഹോർമോൺ ചികിത്സയും കഴിഞ്ഞവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ 25,000 രൂപയും സർക്കാർ നൽകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ഒ.പി., അത്യാഹിത വിഭാഗങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നുണ്ട്.
ശസ്ത്രക്രിയ കൂടുന്നത് സന്തോഷകരം
“എന്റെ 32-ാമത്തെ വയസ്സിൽ പൂർണബോധ്യത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. പൂർണ ശാരീരികസംതൃപ്തി ലഭിക്കുന്നുണ്ട്. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. ശസ്ത്രക്രിയ നടത്തുന്നത് ആരോഗ്യകരമാണ്.” -വിജയരാജമല്ലിക (എഴുത്തുകാരിയും ട്രാൻസ്ജെൻഡറും)