‘അവൾ ജീവിച്ചിരിപ്പുണ്ടല്ലോ, അതുമതി എനിക്ക്’; പൂനം പാണ്ഡേയുടെ മുൻ പങ്കാളി സാം ബോംബേ
മുംബൈ: സെർവിക്കൽ കാൻസറിനെ തുടർന്ന് മരണത്തിനു കീഴടങ്ങിയന്നുള്ള നടിയും മോഡലുമായ പൂനം പാണ്ഡേയുടെ വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് മുൻ ജീവിത പങ്കാളി സാം ബോംബേ. നടിയെ പിന്തുണച്ചാണ് സാം രംഗത്തെത്തിയത്. പൂനം ചെയ്തതിൽ ഞെട്ടലൊന്നുമില്ലെന്നും സന്തോഷമേയുള്ളൂവെന്നും സാം പറഞ്ഞു.
പൂനം ജീവിച്ചിരിപ്പുണ്ടല്ലോ.. അതുമതി തനിക്കെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ‘വാർത്ത കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. നഷ്ടബോധം ഇല്ലായിരുന്നു. പിന്നെ ഞാൻ കരുതി അങ്ങനെയാകില്ല എന്ന്.
എന്തുകൊണ്ടാണ് എനിക്ക് ഒന്നും തോന്നാഞ്ഞത്? കാരണം നിങ്ങൾ ഒരാളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, നിങ്ങൾക്ക് അയാളുടെ കൂടെയുള്ള എല്ലാം അനുഭവപ്പെടും. ഞാൻ എല്ലാ ദിവസവും അവരെ കുറിച്ച് ചിന്തിക്കാറുണ്ട്. കൂടാതെ, ഞാൻ എല്ലാ ദിവസവും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നെങ്കിൽ, ഞാൻ അത് അറിയേണ്ടതാണ്,’ സാം കൂട്ടിച്ചേർത്തു.
പൂനം മരണത്തിനു കീഴടങ്ങിയതായുള്ള വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്കകം വാർത്ത പ്രചാരം നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. മരണ വാർത്ത സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നും പുറത്തറിയിച്ച് 24 മണിക്കൂറിന് ശേഷം മാത്രമാണ് പൂനം ലൈവിൽ താൻ മരിച്ചിട്ടില്ലെന്നറിയിച്ച് എത്തുന്നത്.