ജയ്പൂർ : മുൻ എം.എൽ.എയുടെ അശ്ലീല വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയുമായി രാജസ്ഥാൻ കോൺഗ്രസ്. ബാർമറിൽ നിന്നുള്ള മുൻ എം.എൽ.എ മേവാ റാം ജെയിനെ അച്ചടക്കനടപടിയുടെ ഭാഗമായി പാർട്ടി പുറത്താക്കി. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസാരയാണ് നടപടിയെടുത്തത്.
മുൻപും മേവാറാമിന്റെ അശ്ലീല വീഡിയോകൾ പുറത്തുവന്നിരുന്നു. അന്ന് വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട അദ്ദേഹം കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഇതിനെതിരെ കേസ് കൊടുത്തിരുന്നു. ബാർമർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മേവാറാം മൂന്നുതവണ എം.എൽ.എയായിരുന്നു.
ഡിസംബറിൽ ജോധ്പൂരിലെ രാജീവ് ഗാന്ധി നഗർ പോലീസ് സ്‌റ്റേഷനിൽ മേവാറാം ജെയിനിനെതിരെ വിവാഹിതയായ യുവതി ബലാത്സംഗക്കേസ് ഫയൽ ചെയ്തിരുന്നു. ജെയിനും ഇയാളുടെ കൂട്ടാളി രാംസ്വരൂപ് ആചാര്യയും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയും 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത മകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി.
യുവതിയുടെ പരാതിയിൽ മേവാറാം ജെയിൻ, ആർ.പി.എസ് ആനന്ദ് സിംഗ് രാജ്‌പുരോഹിത് എന്നിവരുൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു. ഇതിനിടെ രണ്ട് അശ്ലീല വീഡിയോകളും യുവതി പരാമർശിച്ചിരുന്നു. ഇതിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇതിന് ശേഷം യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയും രേഖപ്പെടുത്തി. വിഷയത്തിൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് മേവാറാം ജെയിനെ അറസ്റ്റ് ചെയ്യുന്നത് ജനുവരി 25 വരെ വിലക്കുകയും അന്വേ,ണവുമായി സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ഈ വിഷയം ശക്തമായി ഉയർന്നിരുന്നു.