ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കൗശാംബി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. ആഗ്ര സ്വദേശി ഗൗരവ് ശര്‍മ്മ (30) ആണ് മരിച്ചത്. ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയത് ഇയാളാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 10:30-ന് കൗശാംബി മെട്രോ സ്‌റ്റേഷനിലെത്തിയ ഗൗരവ് ശര്‍മ്മ 10:45-ഓടെയാണ് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടി മരിച്ചത്. ഇയാള്‍ ചാടുന്നതിന്റെ ദൃശ്യം പ്ലാറ്റ്‌ഫോമിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഹരിയാണയിലെ ഗുരുഗ്രാമിലുള്ള ഡി.എല്‍.എഫ്. ഫേസ് 3-ലെ വീട്ടിലാണ് ലക്ഷ്മി റാവത്തിനെ ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് യുവതിയെ കൊന്നതെന്നാണ് പോലീസ് നിഗമനം. ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ രണ്ടുവയസുള്ള കുഞ്ഞ് സമീപമുണ്ടായിരുന്നു. ഭര്‍ത്താവ് ഗൗരവ് ശര്‍മ്മയെ കാണാതായതിനാല്‍ ഇയാളാകാം കൊല നടത്തിയത് എന്ന് പോലീസ് സംശയിച്ചിരുന്നു.
വീട് പൂട്ടിക്കിടക്കുന്നതായുള്ള വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് യുവതി മരിച്ചുകിടക്കുന്നത് കണ്ടത്. കുഞ്ഞ് അരികിലിരുന്ന് കരയുകയായിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലക്ഷ്മി റാവത്തും ഗൗരവ് ശര്‍മയും ആറുമാസം മുമ്പാണ് ഗുരുഗ്രാമിലെ വീട്ടിലേക്ക് താമസം മാറിയത്. ഞായറാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് ഗൗരവ് ശര്‍മ്മയ്ക്കായി പോലീസ് അപ്പോള്‍ മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലുള്ള കാരണം സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.