ന്യൂഡൽഹി: ഖത്തർ കോടതി വിധിച്ച വധശിക്ഷയിൽ ഇളവ് ലഭിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾ മൂന്നുമുതൽ 25 വർഷംവരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
മൂന്നുവർഷം തടവു ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന സെയിലർ രാഗേഷ് ഗോപകുമാറിനും 25 വർഷം തടവ് അൽ ദഹ്‌റയുടെ മാനേജിങ് ഡയറക്ടറായിരുന്ന കമാൻഡർ പൂർണേന്ദു തിവാരിക്കുമാണെന്നാണ് റിപ്പോർട്ട്. മറ്റ് മുൻ നാവികസേനാംഗങ്ങളിൽ നാലുപേർ 15 വർഷവും രണ്ടുപേർ പത്ത് വർഷവും തടവനുഭവിക്കണം. എന്നാൽ, ഈ റിപ്പോർട്ട് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷ നേരിടുന്ന മറ്റുള്ളവർ. ഇതിൽ ആർക്കെല്ലാമാണ് 15 വർഷവും പത്ത് വർഷവും ശിക്ഷ ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
അപ്പീൽക്കോടതി വധശിക്ഷ ഇളവുചെയ്തതിൽ ആശ്വസിക്കാമെങ്കിലും നാവികർക്കുമുമ്പിൽ കടമ്പകളേറെ. നാവികരെ തുടർശിക്ഷയനുഭവിക്കാൻ ഇന്ത്യക്ക് വിട്ടുതരുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരാൻ സമയമെടുക്കുമെന്ന് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിശദവിധി ചോദ്യംചെയ്യാനുണ്ടെങ്കിൽ ഖത്തറിലെ പരമോന്നത കോടതിയെ (കോർട്ട് ഓഫ് കാസേഷൻ) യാണ് സമീപിക്കേണ്ടത്. പരമോന്നത കോടതിയുടെ വിധിവന്നശേഷമേ ഖത്തർ അമീറിന് മുമ്പാകെ മാപ്പപേക്ഷ നൽകണോയെന്ന് വ്യക്തമാകൂ. ഖത്തർ അമീർ മാപ്പ് നൽകിയാലും പരമോന്നത കോടതിയുടെ ശിക്ഷ പൂർണമായും ഒഴിവാക്കാനിടയില്ല. തടവുകാരെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും ഖത്തറും 2015-ൽ ഒപ്പുവെച്ച ഉടമ്പടിപ്രകാരം അവർക്ക് നാട്ടിലെത്താൻ വഴിതെളിഞ്ഞേക്കും.
വിശദവിധി കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും താത്പര്യത്തിനാണ് മുൻഗണനയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, അപ്പീൽക്കോടതിവിധിയെ വിജയമായി വിലയിരുത്താനായിട്ടില്ലെന്ന് ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു. പരമോന്നത കോടതിയുടെ വിധിക്കുശേഷമേ മാപ്പപേക്ഷയ്ക്ക് പ്രസക്തിയുള്ളൂ. അതിന് മൂന്നുമാസമെങ്കിലും എടുക്കുമെന്ന് ശിക്ഷപ്പെട്ടവരിൽ ഒരാളുടെ കുടുംബാംഗം പറഞ്ഞു.
ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്‌റയിൽ ജോലിചെയ്യവേ കഴിഞ്ഞവർഷമാണ് എട്ടുപേരും അറസ്റ്റിലായത്.