കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവകേരള സദസ്സ് നടന്ന മൈതാനം ‘നവകേരള സദസ്സ് മൈതാനം’ എന്ന് അറിയപ്പെടണം എന്ന് മന്ത്രി വി എന്‍ വാസവന്‍. കോട്ടയത്ത് പോപ്പ് വന്നുപോയ മൈതാനം ‘പോപ്പ് മൈതാനം’ എന്ന് അറിയപ്പെട്ടതുപോലെ പിണറായി വിജയന്റെ പാദസ്പര്‍ശം പതിഞ്ഞ മൈതാനം നവകേരള സദസ്സ് മൈതാനം എന്ന് ഭാവിയില്‍ അറിയപ്പെടട്ടെയെന്നാണ് വി എന്‍ വാസവൻ പ്രസംഗത്തിനിടെ പറഞ്ഞത്.
നവകേരള സദസ്സിന് നേരെ തിരുവനന്തപുരം വരെ കല്ലെറിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസുകാരോടും കല്ലെറിയുന്നവരോടും പറയാനുള്ളത് പൊന്‍കുന്നത്തുകാര്‍ തുമ്മിയാല്‍ തെറിക്കാനുള്ളത്ര യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് എറിയാന്‍ മുന്നോട്ട് വരുന്നതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
ഉമ്മാട്ടി കാട്ടി പേടിപ്പിക്കേണ്ട. ബഹിഷ്‌കരിക്കാന്‍ പറയുന്തോറും ഓരോ സദസും ആള്‍ബലം കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. നിരവധി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്. കോട്ടയത്ത് പൂഞ്ഞാറിലാണ് ആദ്യം മന്ത്രിസഭ എത്തിയത്. ശേഷമാണ് പൊന്‍കുന്നത്തെത്തിയത്. ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷനായി. കോട്ടയം ജില്ലയിലെ ആദ്യദിനത്തിലെ അവസാനസദസ് പാലാ നിയോജകമണ്ഡലത്തിലാണ്. രണ്ടാം ദിനമായ ഡിസംബര്‍ 13ന് ഏറ്റുമാനൂര്‍ ,പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം നിയമസഭ മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക.