33.4 C
Kottayam
Tuesday, April 30, 2024

ലജ്ജിച്ച് തലതാഴ്ത്തുന്നു, കേരള ജനതയോട് മാപ്പ്; തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്ന് വി.പി സാനു

Must read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു. കേരള ജനതയോട് മാപ്പ് പറയുന്നതായി വിപി സാനു ഫേസ്ബുക്കില്‍ കുറിച്ചു. ലജ്ജിച്ച് തലതാഴ്ത്തുന്നു എന്നു പറഞ്ഞാണ് സാനുവിന്റേ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ലെന്നും പറയുന്ന സാനു തളര്‍ച്ചയല്ല, തിരുത്തലാണ് വേണ്ടതെന്നും സ്വയം നവീകരിച്ച് മുന്നേറണമെന്നും പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

ലജ്ജിച്ച് തല താഴ്ത്തുന്നു. കേരളജനതയോട് മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവൻ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാർ. അല്ലാത്തവർ ഒറ്റുകാർ മാത്രമാണ്. കടിച്ചുകീറാൻ തക്കം പാർത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാർ.

കൂടെ നിന്നവരെ വീണുപോകാതെ ചേർത്തുപിടിച്ചവർ, ഇനി വരുന്നവരുടെ അവകാശങ്ങൾക്കായി തെരുവിൽ തല പൊട്ടിയവർ, കലാലയങ്ങൾ സർഗാത്മകമാക്കാൻ മുന്നിൽ നിന്നവർ, ഒപ്പമുള്ളവരുടെ വേദനയിൽ കണ്ണുനനഞ്ഞവർ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവൻ കൊടുത്തവർ, അഭിമന്യു പാടിയ നാടൻപാട്ടുകൾ ഹൃദയത്തിൽക്കൊണ്ടു നടക്കുന്നവർ, സാഹിത്യത്തെയും, കലകളെയും ഏറ്റവും മനോഹരമായി ആസ്വദിക്കുന്നവർ.
അവർ മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ കാവൽക്കാർ. വർഷങ്ങളെടുത്ത് അവർ നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി അവർ നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളിൽ, ഒരു കലാലയത്തിനകത്ത് കുറച്ചാളുകൾ ചേർന്ന് ഒറ്റുകൊടുത്തത്.

ഈ ശുഭ്രപതാകയിൽ എഴുതിച്ചേർത്തിരിക്കുന്നത് അർഥമില്ലാത്ത വാക്കുകളല്ല. ആ മൂന്നു മഹത്തായ ആശയങ്ങളാണ് ഈ പ്രസ്ഥാനത്തെ നിർവചിക്കുന്നത്. ഇന്ത്യയിലെ എത്രയോ ലക്ഷക്കണക്കിനു വിദ്യാർഥികളെ ചേർത്തുവെക്കുന്നത്. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിർണയിക്കുമ്പോൾ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐ എന്ന മൂന്നക്ഷരങ്ങൾ; അവർക്കു മേൽ വീശുന്ന തണലാണ് ഈ ശുഭ്രപതാക. അവരുടെ സംഘടിതമായചെറുത്തുനില്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികൾ നമ്മളുയർത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്പിക്കാനനുവദിച്ചുകൂടാ. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്.

മറ്റൊന്നും പറയാനില്ല. തെറ്റുകൾ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളർച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലർത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം. നക്ഷത്രാങ്കിത ശുഭ്രപതാക ഇതിലുമുയരത്തിൽ പറക്കണം.
എസ്.എഫ്.ഐ. സിന്ദാബാദ്. രക്തസാക്ഷികൾ സിന്ദാബാദ്.

NB: വിമർശനങ്ങൾ അംഗീകരിക്കും. കാരണം അവ ഞങ്ങളെ സ്വയം തിരുത്താൻ സഹായിക്കുമെന്നതുകൊണ്ട്. പക്ഷേ അതിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതനുവദിക്കാനാവില്ല. ചിത്രത്തിൽ കാണുന്ന പോസ്റ്റിനോ, ആ ഫേസ്ബുക്ക് പേജിനോ എസ്.എഫ്.ഐ.യുമായോ, എസ്.എഫ്.ഐ. നിലപാടുകളുമായോ യാതൊരു ബന്ധവുമില്ല…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week