ലഖ്നൗ: ഉത്തർ പ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്തവർഷം ആദ്യം. 2024 ജനുവരിയിൽ ചടങ്ങുകൾ നടത്തുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി മേധാവി നൃപേന്ദ്ര മിശ്ര പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. ജനുവരി 22നാകും വിഗ്രഹ പ്രതിഷ്ഠ നടത്തുക.
പ്രതിഷ്ഠാ ചടങ്ങ് അടുത്ത വർഷം ജനുവരി മൂന്നാം വാരത്തിൽ നടക്കുമെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ജനുവരി 21, 22, 23 തീയതികളിലാകും പ്രതിഷ്ഠ ചടങ്ങുകൾ. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കും. 25,000 ഹിന്ദു മതനേതാക്കളെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ട്രസ്റ്റ് തീരുമാനം. 10,000 പ്രത്യേക അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
ജനുവരി പതിനാല് മുതൽ പൂജകൾ ആരംഭിക്കും. പ്രധാന ചടങ്ങുകൾ നടക്കുന്ന അഞ്ചുദിവസം പ്രധാനമന്ത്രി അയോധ്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. ജനുവരി 20 മുതൽ 24വരെയാകും മോദി അയോധ്യയിൽ തുടരുക. ഈ ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസത്തെ ചടങ്ങിൽ മോദി നേരിട്ട് പങ്കെടുക്കും. തീയതി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം അറിയിക്കും. അന്നേ ദിവസം അയോധ്യയിലേക്ക് എത്താൻ ആളുകൾ തിരക്ക് കൂട്ടേണ്ടതില്ല. ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ഓഗസ്റ്റിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് മോദി എത്തിയിരുന്നു.
ക്ഷേത്രത്തിന്റെ നിർമാണം പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. ഒന്നാം നിലയിലെ കൂറ്റൻ തൂണുകളുടെ നിർമാണ പ്രവർത്തനം അമ്പത് ശതമാനം പൂർത്തിയായി. താഴത്തെ നിലയിലെ നിർമാണം നവംബറിൽ പൂർത്തിയാക്കും. ഡിസംബർ അവസാനത്തോടെ ഒന്നാം നിലയുടെ പണി പൂർണമായും പൂർത്തിയാക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി രൂപീകരിച്ച ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രമാണ് രാമക്ഷേത്രം നിർമിക്കുന്നത്. ചടങ്ങിന് മുന്നോടിയായി അയോധ്യ നഗരത്തെ മനോഹരമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നഗരത്തെ മനോഹരമാക്കുന്നതിനൊപ്പം അത്യാധുനിക നഗര സൗകര്യങ്ങൾ ഒരുക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് ഉത്തരവിട്ടു. അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു നൂറ്റാണ്ടിലേറെ നിലനിന്ന തർക്കം 2019ലെ സുപ്രീം കോടതി വിധിയെത്തുടർന്നാണ് അവസാനിച്ചത്. 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.