കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരതിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 12:30നായിരുന്നു വീഡിയോ കോൺഫറൻസിലൂടെ മോദി സെമി ഹൈസ്പീഡ് ട്രെയിനിന് പച്ചക്കൊടി വീശിയത്. ഇന്ന് ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിനിന്‍റെ സർവീസ്. യാത്രക്കാരുമായുള്ള ആദ്യ സർവീസിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നാണ് രണ്ടാം വന്ദേ ഭാരതിന്‍റെ ആദ്യ സർവീസ്. ബുധനാഴ്ച കാസർകോട്ടുനിന്നും. ട്രെയിനിന്‍റെ ടിക്കറ്റ് നിരക്കുകളും മറ്റുവിശദാംശവും അറിയാം.
കാസർകോട് – തിരുവനന്തപുരം (20631), തിരുവനന്തപുരം – കാസർകോട് (20632) സർവീസുകൾ തമ്മിൽ ടിക്കറ്റ് നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. ആദ്യ വന്ദേ ഭാരതിലും ഈ വ്യത്യാസം ഉണ്ടായിരുന്നു. കാസർകോട് നിന്ന് ആരംഭിക്കുന്ന സർവീസിനാണ് നിരക്ക് കൂടുതൽ. കാസർകോട് – തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്‌സിക്യുട്ടീവിന് 2835 രൂപയുമാണ്. തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് ചെയർകാർ 1515 രൂപ, എക്‌സിക്യുട്ടീവ് 2800 രൂപ എന്നിങ്ങനെയാണ്.
ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. ടിക്കറ്റ് നിരക്കുകൾ ചെയർകാർ (സിസി), എക്സിക്യൂട്ടീവ് (ഇസി) എന്ന ക്രമത്തിൽ അറിയാം. തിരുവനന്തപുരം – കൊല്ലം 485 രൂപ സിസി, 910 ഇസി, തിരുവനന്തപുരം – ആലപ്പുഴ 580, 1105. തിരുവനന്തപുരം – എറണാകുളം, 685, 1320. തിരുവനന്തപുരം – തൃശൂർ 1025, 1795. തിരുവനന്തപുരം – ഷൊർണൂർ 1085, 1925. തിരുവനന്തപുരം – തിരൂർ 1150, 2045. തിരുവനന്തപുരം – കോഴിക്കോട് 1210, 2170. തിരുവനന്തപുരം – കണ്ണൂർ 1365, 2475. തിരുവനന്തപുരം – കാസർകോട് 1515, 2800
കാസർകോട് – തിരുവനന്തപുരം (20631) സർവീസ് കാസർകോട് സ്റ്റേഷനിൽ നിന്ന് വിവിധ സ്റ്റോപ്പുകളിലേക്കുള്ള നിരക്കുകൾ ചെയർകാർ (സിസി), എക്സിക്യൂട്ടീവ് (ഇസി) എന്ന ക്രമത്തിൽ. കാസർകോട് – കണ്ണൂർ 445, 840, കാസർകോട് – കോഴിക്കോട് 680, 1245. കാസർകോട് – തിരൂർ 755, 1405. കാസർകോട് – ഷൊർണൂർ 830, 1560. കാസർകോട് – തൃശൂർ 880, 1650, കാസർകോട് – എറണാകുളം 955, 1855. കാസർകോട് – ആലപ്പുഴ 1085, 2075. കാസർകോട് – കൊല്ലം 1465, 2645. കാസർകോട് – തിരുവനന്തപുരം 1555, 2835.
ആദ്യ വന്ദേ ഭാരതിന് സമാനമായി ആഴ്ചയിൽ ആറുദിവസമാണ് ട്രെയിൻ സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്ന് വന്ദേ ഭാരത് സർവീസ് നടത്തും.
കേരളത്തിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ ഏറ്റവും ചെറിയ വന്ദേ ഭാരതാണ് ഓറഞ്ച് നിറത്തിലുള്ള ട്രെയിൻ. സംസ്ഥാനത്തുകൂടി ഓടുന്ന എക്സ്പ്രസ്, മെയിൽ വണ്ടികളിൽ ഏറ്റവും ചെറുതാണ് രണ്ടാം വന്ദേഭാരത്. ഏഴ് ചെയർ കാറും ഒരു എക്‌സിക്യുട്ടീവ് ചെയറുമാണ് സെമി ഹൈസ്പീഡ് ട്രെയിനുള്ളത്. ചെയർകാറിൽ 546 സീറ്റുകളും എക്‌സിക്യുട്ടീവിൽ 52 സീറ്റുുമാണുള്ളത്. ജനറൽ റിസർവേഷനിൽ യഥാക്രമം 352, 33 സീറ്റുകൾ വീതമാണ്. എമർജൻസി ക്വാട്ടയും തത്കാലിനുമായി ബാക്കി സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.