ഓസീസിനെ പഞ്ഞിക്കിട്ട് ഇന്ത്യ,രണ്ടാം ഏകദിനത്തില്‍ കുറ്റന്‍ സ്‌കോര്‍

ഇന്ദോര്‍: ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഒന്നൊന്നര വെടിക്കെട്ട്. തരിപ്പണമായ ഓസീസ് ബൗളര്‍മാര്‍. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരുന്നൊരുക്കിയപ്പോള്‍ ഇന്ദോര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഓസീസിന് കൂറ്റന്‍ വിജയലക്ഷ്യം.

400 റണ്‍സാണ് ഓസീസിന്റെ വിജയലക്ഷ്യം. നിശ്ചിത 50-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 399 റണ്‍സെടുത്തു.ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും തകര്‍പ്പന്‍ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. ഹെയിസല്‍വുഡാണ് ഗെയ്ക്വാദിനെ(8) പുറത്താക്കിയത്. പിന്നാലെ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ഒന്നിച്ചു. ഓസീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 200-കടത്തിയ കൂട്ടുകെട്ട് 216-ല്‍ നില്‍ക്കേയാണ് പിരിഞ്ഞത്. 90-പന്തില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ് അയ്യരെ സീന്‍ അബോട്ട് പുറത്താക്കി.

പിന്നാലെ ഗില്ലും സെഞ്ചുറി തികച്ചു. 104-റണ്‍സെടുത്ത ഗില്‍ മടങ്ങിയതോടെ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ മുന്നൂറ് കടത്തി. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത കിഷനെ അദം സാംപ കൂടാരം കയറ്റി. പിന്നീടിറങ്ങിയ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44-ാം ഓവറില്‍ തുടര്‍ച്ചയായ നാല് സിക്‌സറുകളടിച്ചാണ് സൂര്യകുമാര്‍ തിളങ്ങിയത്. 38 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും സൂര്യകുമാര്‍ വെടിക്കെട്ട് തുടര്‍ന്നു. ഒടുവില്‍ 399 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. 37 പന്തില്‍ നിന്ന് ആറ് വീതം സ്‌ക്‌സറുകളുടേയും ഫോറുകളുടേയും അകമ്പടിയോടെ 72 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്താകാതെ നിന്നു.

നേരത്തേ ആദ്യ ഏകദിനത്തില്‍ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മത്സരം വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. നായകന്‍ കെഎല്‍ രാഹുലിന് ഇത് നേട്ടമാകും. മത്സരം വിജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനാകും ഓസീസ് ശ്രമം. മൂന്നാം മത്സരത്തില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News