ലണ്ടന്‍:ഓരോ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് രാജ്യത്ത് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇ ചലൻ, ഇലക്ട്രിസിറ്റി ബില്ല് എന്നിവയുടെ പേരിലുള്ള നിരവധി തട്ടിപ്പുകൾ ഇതിനോകടം തന്നെ നമ്മൾ കണ്ടുകഴിഞ്ഞു. ഇവ എല്ലാം തന്നെ സാധാരണ പൗരന്മാർക്ക് ഭീഷണിയാകുന്ന തട്ടിപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഇതാ മറ്റൊരു തരത്തിലുള്ള തട്ടിപ്പുകൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
തട്ടിപ്പിലൂടെ യുകെ യിൽ താമസിക്കുന്ന ഇന്ത്യൻ വംശജന്റെ പക്കൽ നിന്ന് 57 ലക്ഷം രൂപയോളമാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഇയാൾ തന്റെ സിം വിച്ഛേദിച്ചതിന് ശേഷം പുതിയ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്യാൻ മറന്ന് മൂലമാണ് തട്ടിപ്പിനിരയായത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദി ട്രിബ്യൂൺ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ നാല് പേരെ ലുധിയാന പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്കിൽ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുന്ന സുഖ്ജിത് സിംഗ്, ബിഹാറിൽ നിന്നുള്ള ലുവ് കുമാർ, ഗാസിപൂരിൽ നിന്നുള്ള നിലേഷ് പാണ്ഡെ, ഡൽഹിയിൽ നിന്നുള്ള അഭിഷേക് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. രമൺദീപ് എം ഗ്രെവാൾ എന്നയാളാണ് തട്ടിപ്പിന് ഇരയായത്. നിലവിൽ ഇദ്ദേഹം യുകെയിൽ ആണ് താമസിക്കുന്നത്. ഇയാളുടെ എൻആർഐ അക്കൗണ്ടിന്റെ പഴയ ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
വളരെ വ്യക്തമായ പഠനം നടത്തിയതിന് ശേഷമാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇതിനായി ആദ്യം എൻആർഐകൾ, പ്രായമായ വ്യക്തികൾ, പ്രവർത്തനരഹിതമായ അക്കൗണ്ട് ഉടമകൾ എന്നീ കാര്യങ്ങൾ എല്ലാം സൂക്ഷ്മമായി പരിശോധിച്ചു. ഇതേ തുടർന്ന് ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ വിച്ഛേദിക്കുകയും മറ്റൊരാൾക്ക് വീണ്ടും നൽകുകയും ചെയ്‌ത ഗ്രേവാളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കണ്ടെത്താൻ സാധിച്ചു. ഇതേ തടുർന്നാണ് ഈ അക്കൗണ്ട് ലക്ഷ്യം വെച്ച് പ്രവർത്തനങ്ങൾ നടത്തിയത്.
ഗ്രേവാളിന്റെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന പഴയ നമ്പർ ഇയാൾ ഉപകേക്ഷിച്ചിരുന്നു പിന്നീട് ഇയാൾ പുതിയ നമ്പർ സ്വന്തമാക്കിയെങ്കിലും അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ മറന്നുപോയിരുന്നു. അതേ സമയം ഗ്രേവാളിന്റെ പഴയ നമ്പർ മറ്റൊരു ഉപഭോക്താവ് ഇതിനോടകം സ്വന്തമാക്കിയിരുന്നു. തട്ടിപ്പുകാർ ഈ നമ്പറിൽ ബന്ധപ്പെട്ട് ഇയാൾക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഈ വാഗ്ദാനത്തിലൂടെ ഇയാളുടെ തിരിച്ചറിയൽ രേഖകൾ തട്ടിപ്പുകാർ സ്വന്തമാക്കി. പിന്നീട് ഈ നമ്പർ പോർട്ട് ചെയ്തെന്നും പോലീസ് പറയുന്നു.
തട്ടിപ്പുകാരിൽ ഒരാളാണ് പോർട്ട് ചെയ്ത നമ്പർ സ്വന്തമാക്കിയത്. ശേഷം ഈ നമ്പർ ഉപയോഗിച്ച് ഇവർ എൻആർഐ ഉപഭോക്താവിന്റെ നെറ്റ് ബാങ്കിംഗിന്റെ നിയന്ത്രണം സ്വന്തമാക്കി പുതിയ ഇമെയിൽ ഐഡി അടക്കം നൽകി പുതിയ ഡെബിറ്റ് കാർഡ് ഓർഡർ ചെയ്തു. പിന്നാലെ എൻആർഐ അക്കൗണ്ടിലെ പണം മുഴുവൻ ഇവർ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷമാണ് പോലീസിന് ഇക്കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചത്.
പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഗ്രെവാൾ പോലീസിൽ പരാതി നൽകിയത്. അതേ സമയം ഉടനടി പോലീസ് പ്രശ്നത്തിൽ ഇടപെട്ടതിനാൽ 17.35 ലക്ഷം രൂപയോളം വീണ്ടെടുക്കാൻ സാധിച്ചു. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ഇവരുടെ പക്കൽ നിന്ന് ഒരു മാക്ബുക്ക് എയർ, നാല് മൊബൈൽ ഫോണുകൾ, മൂന്ന് ചെക്ക് ബുക്കുകൾ, എട്ട് എടിഎം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വലിയ ഞെട്ടൽ ആണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. തട്ടിപ്പുകാർ എത്രത്തോളം കാര്യക്ഷമതയുള്ളവർ ആണെന്നും നിങ്ങളുടെ സ്വകാര്യ, സാമ്പത്തിക കാര്യങ്ങൾക്ക് എത്രത്തോളം ശ്രദ്ധ വേണമെന്നും ഈ തട്ടിപ്പ് വാർത്ത നമ്മളെ ഓർമ്മപ്പെടുത്തുന്നു. നിരവധി ആളുകൾ ഇപ്പോഴും പല രേഖകളുടേയും പല കാര്യങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിൽ അശ്രദ്ധ കാണിക്കുന്നുണ്ട്. ഇത്തരക്കാർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ് ഈ കേസ്. നിങ്ങൾ നിങ്ങളുടെ ബാങ്ക് കാര്യങ്ങൾ എല്ലാം തന്നെ അപ്ഡേറ്റ് ആയി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.