തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എം. നേതാക്കളിലേക്ക് എത്തിച്ച് പാർട്ടി പ്ലാൻചെയ്ത കൊള്ളയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ തൃശ്ശൂരിൽ പാർട്ടിയെ തകർക്കാനാകില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പ് ഒരുതരത്തിലും അംഗീകരിക്കുന്നില്ല. ഒരു തെറ്റായപ്രവണതയും പൂഴ്ത്തിവെക്കാനോ ഏതെങ്കിലും രീതിയിൽ ന്യായീകരിക്കാനോ സി.പി.എം. ഇല്ല. തെറ്റുതിരുത്തിക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാകൂ. തെറ്റുപറ്റിയാൽ തിരുത്തണം. തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഉൾപ്പെടെ അത് എടുത്തിട്ടുണ്ട്, എം.വി. ഗോവിന്ദൻ പറഞ്ഞു.
‘തൃശ്ശൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ പോകുന്നത് സുരേഷ് ഗോപിയാണെന്ന് പ്രഖ്യാപിച്ച് വീട് വാടകക്കെടുത്ത് താമസം തുടങ്ങി, കരുവന്നൂർ ബാങ്കിൽ നിന്ന് തൃശ്ശൂർ ബാങ്കിലേക്ക് ഇ.ഡിയുമായി കൂട്ടുചേർന്ന് പ്ലാൻ ചെയ്ത് പുറപ്പെടുന്ന ബിജെപി ഒരു ഭാഗത്ത്.
മറ്റൊരു ഭാഗത്ത് കോൺഗ്രസ്. ഇവർ രണ്ടുപേർ ചേർന്ന് എ.സി മൊയ്തീൻ, പി.കെ ബിജു അടക്കമുള്ള സിപിഎം നേതാക്കളിലേക്ക് കേസ് എത്തിച്ച് പാർട്ടി പ്ലാൻചെയ്ത കൊള്ളയാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. മാധ്യമങ്ങളുടെ, ഇ.ഡിയുടെ അജണ്ട അനുസരിച്ചുള്ള പ്രവർത്തനത്തെ തുറന്നുകാട്ടി ശരിയായ ദിശയിൽ പോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
ഉത്തരേന്ത്യയിൽ നിന്ന് വന്ന ചിലരുൾപ്പെടെയാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇ.ഡിക്ക് ബലം പ്രയോഗിക്കാൻ അധികാരമില്ലെന്നും കൂട്ടിച്ചേർത്തു.