ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ തള്ളിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദെഹ്‌റാദൂണില്‍ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് പോലീസിന്റെ പിടിയിലായത്.
നേപ്പാള്‍ സ്വദേശിനിയായ ശ്രേയ ശര്‍മ(30)യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയതെന്നും യുവതി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് സിര്‍വാല്‍ഘട്ട് മേഖലയില്‍ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. യുവതി നേരത്തെ ബംഗാളിലായിരുന്നു താമസിച്ചിരുന്നതെന്നും കണ്ടെത്തി. ഈവിവരങ്ങളെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയിലേക്ക് എത്തിയത്.
വിവാഹിതനായ സൈനിക ഉദ്യോഗസ്ഥനും ശ്രേയ ശര്‍മയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നുവാണ് പോലീസ് പറയുന്നത്. നേരത്തെ ബംഗാളിലായിരുന്ന രാമേന്ദു സിലിഗുഡിയിലെ ഒരു ഡാന്‍സ് ബാറില്‍വെച്ചാണ് നേപ്പാള്‍ സ്വദേശിനിയെ കണ്ടുമുട്ടുന്നത്. ഈ പരിചയം അടുപ്പമായി വളര്‍ന്നു. പിന്നീട് ബംഗാളില്‍നിന്ന് ദെഹ്‌റാദൂണിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ യുവതിയെയും ഉദ്യോഗസ്ഥന്‍ കൂടെകൊണ്ടുവന്നു.
വിവാഹേതരബന്ധം രഹസ്യമായി സൂക്ഷിച്ച ഉദ്യോഗസ്ഥന്‍, യുവതിയെ ദെഹ്‌റാദൂണില്‍ മറ്റൊരു ഫ്‌ളാറ്റെടുത്താണ് താമസിപ്പിച്ചിരുന്നത്. അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
ശനിയാഴ്ച രാത്രി രാജ്പുര്‍ റോഡിലെ ഒരു ക്ലബില്‍വെച്ച് പ്രതിയും യുവതിയും മദ്യപിച്ചിരുന്നു. ക്ലബില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കാറില്‍ യാത്രപോകാമെന്ന് പ്രതി യുവതിയോട് പറഞ്ഞു. നഗരത്തിന് പുറത്തേക്കാണ് യുവതിയുമായി ഉദ്യോഗസ്ഥന്‍ കാറില്‍ പോയത്. തുടര്‍ന്ന് ആളൊഴിഞ്ഞസ്ഥലത്ത് എത്തിയതോടെ പ്രതി വാഹനം നിര്‍ത്തുകയും നേരത്തെ വാഹനത്തില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയുമായിരുന്നു.
യുവതി മരിച്ചെന്ന് ഉറപ്പിക്കുന്നത് വരെ ചുറ്റികകൊണ്ട് പലതവണ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വാഹനത്തില്‍നിന്ന് പുറത്തിറക്കി റോഡരികില്‍ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നും പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.