കോലാലംപുര്‍: ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. സൂപ്പര്‍താരങ്ങളില്‍ ബ്രസീലിയന്‍ വിങ്ങര്‍ നെയ്മര്‍ തന്നെ ഇന്ത്യയില്‍ ആദ്യം പന്തു തട്ടും. 2023-24 എഎഫ്സി ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലും ഇന്ത്യന്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് സൂപ്പര്‍താരം ഇന്ത്യന്‍ മണ്ണിലേക്ക് കളിക്കാനെത്തുന്നത്. ഗ്രൂപ്പ് ഡി യിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
ഗ്രൂപ്പ് ഡി യില്‍ ഇരുടീമുകള്‍ക്കൊപ്പം ഇറാനിയന്‍ ക്ലബ്ബ് എഫ്സി നസ്സാഹി മസന്‍ഡരാന്‍, ഉസ്ബക്കിസ്താന് ക്ലബ് പിഎഫ്സി നവ്ബഹര്‍ നമങ്കന്‍ എന്നീ ടീമുകളുമുണ്ട്. മുബൈ സിറ്റി ഇത്തവണ പുണേയിലെ ബാലവാഡി സ്റ്റേഡിയത്തിലാണ് ഹോം മത്സരങ്ങള്‍ കളിക്കുന്നത്. പുണേയില്‍ നെയ്മര്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നെയ്മര്‍ക്കൊപ്പം അല്‍ ഹിലാല്‍ താരങ്ങളായ റൂബന്‍ നെവസ്, കൗലിബാലി, സാവിച്ച് എന്നിവരും കളിക്കാനെത്തും.
മറ്റൊരു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്നസ്ര് ക്ലബ്ബ് ഗ്രൂപ്പ് ഇ യിലാണ് ഇടംപിടിച്ചത്. സെപ്റ്റംബര്‍ മുതലാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുക.
അടുത്ത സീസൺമുതൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് നേരിട്ട് പ്രവേശനമുണ്ടാകില്ല. ലീഗിന്റെ ഘടനയിൽ എ.എഫ്.സി. മാറ്റംവരുത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ടീമുകളുടെ എണ്ണം 40-ൽനിന്ന് 24-ആയി കുറച്ചു. അസോസിയേഷൻ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 20 ടീമുകൾ നേരിട്ടും മൂന്ന് ടീമുകൾ പ്ലേ ഓഫ് വഴിയും യോഗ്യതനേടും. അസോസിയേഷൻ റാങ്കിങ്ങിൽ ഇന്ത്യ പിന്നിലായതാണ് ഇന്ത്യൻ ക്ലബ്ബുകൾക്ക് തിരിച്ചടിയായത്. ഇന്ത്യൻ ടീമുകൾക്ക് യോഗ്യതനേടാനുള്ള മാർഗം എ.എഫ്.സി. കപ്പിൽ (ചാമ്പ്യൻസ് ലീഗ്-രണ്ട്) ചാമ്പ്യന്മാർക്കുള്ള ക്വാട്ട വഴി കയറുകയെന്നതാണ്.
എ.എഫ്.സി.യുടെ പുതിയ പരിഷ്കാരം വഴി ക്ലബ്ബ് ഫുട്ബോൾ മൂന്നുതലത്തിലാകും നടക്കുക. നിലവിലെ ചാമ്പ്യൻസ് ലീഗിന്റെ പേര് ചാമ്പ്യൻസ് ലീഗ് എലൈറ്റ് എന്നാകും. എ.എഫ്.സി. കപ്പ് ചാമ്പ്യൻസ് ലീഗ് രണ്ട് എന്ന പേരിലും അറിയപ്പെടും. മൂന്നാം ഡിവിഷൻ എ.എഫ്.സി. ചലഞ്ച് ലീഗാണ്. ഇന്ത്യൻ ക്ലബ്ബുകളിൽ ഒരു ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് രണ്ടിലേക്ക് നേരിട്ടും മറ്റൊരു ക്ലബ്ബിന് പ്ലേ ഓഫ് ഘട്ടത്തിലേക്കും യോഗ്യതലഭിക്കും.