ഓരോ അപ്ഡേറ്റിലൂടെയും മികച്ച സവിശേഷതകൾ അവതരിപ്പിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) ഇപ്പോൾ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടക്കാൻ സഹായിക്കുന്ന ഷോർട്ട് വീഡിയോ മെസേജ് എന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ വന്നിരിക്കുന്നത്. വോയിസ് നോട്ടുകൾ അയക്കുന്നത് പോലെ എളുപ്പത്തിൽ ചെറു വീഡിയോകൾ അയക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇതിലൂടെ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ രസകരവും എളുപ്പവുമാകും.
വാട്സ്ആപ്പിലെ വീഡിയോ മെസേജ് ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഫോണിലും ഇത് ലഭ്യമാകും, ഈ ഫീച്ചറുള്ള അപ്ഡേറ്റ് നിങ്ങൾക്ക് ലഭ്യമായിക്കഴിഞ്ഞാൽ, വീഡിയോ മെസേജുകൾ വഴി ചാറ്റുകൾക്ക് റിപ്ലെ നൽകാം. 60 സെക്കൻഡിനുള്ളിലുള്ള ചെറു വീഡിയോകളാണ് ഇത്തരത്തിൽ അയക്കാൻ സാധിക്കുന്നത്. സ്‌നാപ്ചാറ്റിന് സമാനമായിട്ടുള്ള ഈ ഫീച്ചർ നേരത്തെ ഉണ്ടായിരുന്ന വീഡിയോ റെക്കോർഡ് ചെയ്ത് അയക്കുന്ന ഫീച്ചറിനെക്കാൾ മികച്ചതാണ്.
വീഡിയോകൾ വേഗത്തിൽ റെക്കോർഡ് ചെയ്ത് അയക്കുന്നതിലൂടെ ചാറ്റിങ് കൂടുതൽ സൌകര്യപ്രദമാകും. വീഡിയോ മെസേജുകൾ വെറും 60 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് പറയാനും കാണിക്കാനുമുള്ള കാര്യങ്ങൾ ചാറ്റിനിടയിൽ തന്നെ വീഡിയോയായി റെക്കോർഡ് ചെയ്ത് അയക്കാനുള്ള സംവിധാനമാണ് നൽകുന്നത് എന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും ജന്മദിനാശംസകൾ നേരാനോ ചുറ്റുപാടുമുള്ള കാഴ്ച വേഗത്തിൽ പകർത്തി അയക്കാനോ ഇത് സഹായിക്കുന്നു. എങ്ങനെയാണ് വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഉപയോഗിക്കുന്നതെന്ന് നോക്കാം.
• വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ആർക്കാണോ വീഡിയോ മെസേജ് അയക്കേണ്ടത്, അയാളുടെ ചാറ്റ് ഓപ്പൺ ചെയ്യുക
• ടെക്സ്റ്റ് ഫീൽഡിന് അടുത്തുള്ള മൈക്രോഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക
• മൈക്രോഫോൺ ഐക്കൺ ഒരു വീഡിയോ ക്യാമറ ഐക്കണിലേക്ക് മാറും
• വീഡിയോ മെസേജ് റെക്കോർഡ് ചെയ്യാൻ വീഡിയോ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക
• നിങ്ങളുടെ വീഡിയോ മെസേജ് റെക്കോർഡ് ചെയ്യാൻ വീഡിയോ ബട്ടൺ അമർത്തിപ്പിടിക്കുക
• റെക്കോർഡിങ് ലോക്ക് ചെയ്യാനും ഹാൻഡ്‌സ് ഫ്രീയായി റെക്കോർഡ് ചെയ്യാനും മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ മതി
• റെക്കോർഡിങ് നിർത്താൻ ബട്ടൺ റിലീസ് ചെയ്യുകയോ താഴേക്ക് സ്വൈപ്പ് ചെയ്യുകയോ ചെയ്യാം
• ഇത്തരത്തിൽ വീഡിയോ റെക്കോർഡിങ് നിർത്തിയാൽ നിങ്ങളുടെ വീഡിയോ മെസേജ് ചാറ്റിൽ അയയ്‌ക്കും
• ചാറ്റ് തുറക്കുമ്പോൾ വീഡിയോ മെസേജുകൾ ശബ്ദമില്ലാതെ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും
• ഓഡിയോ ലഭിക്കാൻ വീഡിയോയിൽ ടാപ്പ് ചെയ്താൽ മതി
ഒരു വീഡിയോ മെസേജിന്റെ പരമാവധി ദൈർഘ്യം 1 മിനിറ്റാണ് എന്ന കാര്യം ശ്രദ്ധിക്കുക. ഈ വീഡിയോ മെസേജുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് അയയ്‌ക്കുന്നത്. അതുകൊണ്ട് തന്നെ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനുമല്ലാതെ വാട്സ്ആപ്പിന് പോലും ഇതിലേക്ക് ആക്സസ് ലഭിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ വീഡിയോ മെസേജുകൾ പൂർണമായും സുരക്ഷിതമായിരിക്കും.
അടുത്തിടെയായി അപ്ഡേറ്റുകളിലൂടെ മികച്ച നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. മുകളിൽ സൂചിപ്പിച്ച രീതിയിൽ എളുപ്പത്തിൽ വീഡിയോ മെസേജ് അയക്കാൻ സാധിക്കുന്ന ഫീച്ചർ വോയിസ് മെസേജുകൾ പോലെ വീഡിയോയും അയക്കാൻ സാധിക്കുക എല്ല ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ഫോണിൽ ഈ ഫീച്ചർ ലഭ്യമായിട്ടില്ലെങ്കിൽ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ കയറി ആപ്പ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.