FeaturedHome-bannerKeralaNews

ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോ‍ർട്ടത്തിൽ തെളിഞ്ഞു

കൊച്ചി : ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്.

ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫോറസ്കിക് സംഘത്തിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ആലുവയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നുച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസ്സം സ്വദേശി അസഫാക് അലം പൊലീസിനോട്  സമ്മതിച്ചു.

ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച്  അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയില്‍ വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല. 

രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലീസിനെ അറിയിച്ചത്. രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തുടർന്നാണ് 12 മണിയോ‍ടെ മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് മൃതദേഹം കണ്ടത്.

ചാക്കില്‍ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ചനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുട്ടി കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ മാർക്കറ്റ് പരിസരത്ത് ജനം തടിച്ചു കൂടി. ഇതിനിടെ കുട്ടിയെ കൊലപ്പെടുത്തിയ  സ്ഥലത്തേക്ക് പ്രതിയെ പൊലീസ് എത്തിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പുറത്തിറക്കാതെ  മടക്കിക്കൊണ്ടു പോയി. 3 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൂന്ന് മണിയോടെയാണ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

താൻ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസഫാക്കിന്‍റെ മൊഴി. എന്നാല്‍ ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മാര്‍ക്കറ്റില്‍ കുട്ടിയുമായി വൈകിട്ട് 3 മണിക്ക് ശേഷം ഇയാള്‍ ഒറ്റക്കാണ് എത്തിയതെങ്കിലും ആ പ്രദേശത്ത് മറ്റ് ചിലര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും ഒത്തു കൂടുന്ന സ്ഥലത്തേക്ക് ഇയാള്‍ കുട്ടിയുമായി വന്നതെന്തിന്  കൊലപാതകം ഒറ്റയ്ക്കാണോ ചെയ്തത് തുടങ്ങിയ ഓട്ടനേകം ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം കിട്ടേണ്ടത്. കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker