ഒരു പുതിയ തുടക്കം, പാർവ്വതി ജയറാമിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു; സിനിമയിലേക്ക് തിരിച്ചുവരുന്നോ?
ചെന്നൈ:ആദ്യകാല നായികമാരിൽ പലരും സിനിമയിലേക്ക് തിരിച്ചുവന്നു കഴിഞ്ഞു. പണ്ടത്തെ പോലെ അമ്മ വേഷങ്ങളല്ല തിരിച്ചുവരുന്ന നായികമാരെ കാത്തിരിയ്ക്കുന്നത്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾ ഇതിനോടകം പലരും ചെയ്തു കഴിഞ്ഞു. ഇനിയും മടങ്ങിവരാതെ നിൽക്കുന്ന നടിമാരിൽ ഒരാളാണ് പാർവ്വതി ജയറാം.
എല്ലാ അഭിമുഖങ്ങളിലും പാർവ്വതി ഇനി അഭിനയിക്കില്ലേ എന്ന ചോദ്യം ജയറാമിന് നേരിടേണ്ടി വരാറുണ്ട്. അഭിനയം നിർത്തിയത് പാർവ്വതിയുടെ സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ജയറാമും പറയും.ആ തീരുമാനം പാർവ്വതി മാറ്റിയോ, പാർവ്വതി സിനിമയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണോ.. നടിയുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ ഏറ്റവും അധികം വരുന്ന കമൻറുകൾ ഇതാണ്.
ഒരു പുതിയ തുടക്കം എന്നു പറഞ്ഞ് വർക്കൌട്ട് ചെയ്യുന്ന ഒരു വീഡിയോ പാർവ്വതി ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മകൻ കാളിദാസ് ജയറാമാണ് വീഡിയോ പകർത്തിയത്. ശരീരമൊക്കെ നന്നായി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പുറപ്പാടാണോ ഇത് എന്ന് ചോദിച്ച് കമൻറുകളും വരാൻ തുടങ്ങി
എന്നാൽ സിനിമയിലേക്ക് വരാൻ വേണ്ടിയല്ല, ബോഡി കൂടുതൽ ഫിറ്റാകാൻ വേണ്ടി വർക്കൌണ്ട് ആരംഭിച്ചതാണ്. അതിനെയാണ് പുതിയ തുടക്കം എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്നും കേൾക്കുന്നു. ജയറാമും, കാളിദാസും എല്ലാം വർക്കൌട്ടിൻറെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്നവരാണ്. എന്നിട്ടും പാർവ്വതി ഇതുവരെ ആ വഴി പോയിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെ പോയാൽ പോര എന്ന ചിന്തയിൽ വർക്കൌണ്ട് ആരംഭിച്ചത്. എന്തായാലും ഈ തീരുമാനം നന്നായി. വൈകാതെ സിനിമയിലേക്കും പ്രതീക്ഷിക്കുന്നു എന്ന് ആരാധകർ പറയുന്നു.
സജീവമായി നിന്ന കാലത്തു തന്നെ അഭിനയിക്കാൻ പാർവ്വതിയ്ക്ക് മടിയായിരുന്നുവത്രെ. അമ്മയുടെ നിർബന്ധം കാരണമാണ് അഭിനയിച്ചത് എന്ന് പാർവ്വതി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജയറാമുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്താൻ പറ്റും എന്നതായിരുന്നുവത്രെ പാർവ്വതിയുടെ ഏറ്റവും വലിയ സന്തോഷം.
കല്യാണത്തിന് ശേഷം ചില വാരികകൾക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തി എന്നല്ലാതെ സിനിമയിലേക്കൊന്ന് എത്തി നോക്കയതുപോലുമില്ല. മക്കളെ വളർത്തുന്ന തിരക്കിലായിരുന്നുവത്രെ പാർവ്വതി.