പത്തനംതിട്ട: അടൂർ വടക്കേടത്തുകാവ് പരുത്തിപ്പാറയിൽ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നൽകിയ അഫ്സാനയെ റിമാൻഡ് ചെയ്തു. റാന്നി കോടതിയിൽ ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. പ്രതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് അടുത്തദിവസം അപേക്ഷ നൽകും. പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഇന്ന് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല.
വീടിനുള്ളിൽ കുഴിയെടുത്ത് പരിശോധന നടത്തി. പുരയിടത്തിലെ മൂന്നിടങ്ങളിലും വിശദമായ പരിശോധന പൊലീസ് നടത്തി. 2021 നവംബർ ഒന്നു മുതൽ ആണ് അഫ്സാനയുടെ ഭർത്താവ് കലഞ്ഞൂർപാടം വണ്ടണി സ്വദേശി 34കാരൻ നൗഷാദിനെ കാണാതായത്.
ബന്ധുവിന്റെ പരാതി പ്രകാരം കൂടൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മൂന്നുദിവസം മുമ്പ് പ്രതി അഫ്സാന ഭർത്താവ് നൗഷാദിനെ അടൂരിൽ വച്ച് കണ്ടെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.
കൂടൽ എസ് എച്ച് ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. താൻ ഭർത്താവിനെ കൊന്നു എന്ന മൊഴി അഫ്സാന നൽകി. മൃതദേഹം കുഴിച്ചുമൂടി എന്നും അറിയിച്ചു. പരുത്തിപ്പാറയിലെ വാടകവീട്ടിൽ ആകെ മൂന്നുമാസം മാത്രമാണ് താമസിച്ചതെന്നും നൗഷാദ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പ്രതി മൊഴി നൽകി.
ഐപിസി 177, 182, 201, 297 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദിനെ കാണാതായതിനുള്ള വകുപ്പ് നിലനിർത്തിയാണ് അന്വേഷണം തുടരുന്നത്. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണസംഘം.