കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ വിശദീകരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രതികളായ കേസിൽ വയനാട് മുട്ടിലിൽനിന്ന് മരംമുറിച്ചത് പട്ടയഭൂമിയിൽനിന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കി.
പ്രതികൾ കോടതിയിൽനിന്നും നിയമനടപടികളിൽനിന്നും രക്ഷപ്പെടാൻ പല പഴുതും കണ്ടെത്തി അവതരിപ്പിക്കുന്നത് സ്വഭാവികമാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മരംമുറിച്ചത് കാട്ടിൽനിന്നാണെന്ന് ആരോപിച്ചാണ് കേസെടുത്തതെന്ന് നേരത്തെ വാദമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണം ഫലപ്രദമായി നടന്നുവരികയാണ്. ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരംമുറിച്ചതെന്ന് മുൻ റവന്യൂമന്ത്രിയും ഇപ്പോഴത്തെ റവന്യൂമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ താത്പര്യങ്ങൾ നടത്താനാണ് ഉത്തരവ് ദുർവ്യാഖ്യാനംചെയ്തതെന്നും മന്ത്രി പറഞ്ഞു.
പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ല. ഇത്രയും കർശനമായ അന്വേഷണ- പരീക്ഷണങ്ങൾ മുമ്പ് ഒരു കേസിലും ഉണ്ടായിട്ടില്ല. വനംവകുപ്പിന്റേയും കേരളത്തിന്റേയും ഇന്ത്യയുടേയും ചരിത്രത്തിൽ ആദ്യമായാണ് മരം സംബന്ധിച്ച് ഡി.എൻ.എ. ടെസ്റ്റ് നടത്തുന്നത്. പ്രതികൾ എത്ര പ്രഗത്ഭനായാലും രക്ഷപ്പെടാൻ അനുവദിക്കാത്ത വിധത്തിലുള്ള കുറ്റമറ്റ അന്വേഷണമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.