31.1 C
Kottayam
Thursday, May 16, 2024

ആലപ്പുഴയിൽ അപൂര്‍വ രോഗം; 15 കാരന് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോ‍‍ര്‍ട്ട് ചെയ്തു

Must read

ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു.15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.ആറുവർഷങ്ങൾക്കു ശേഷമാണ് രോ​ഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടിൽ കുളിച്ചതിനെത്തുടർന്നാണ് രോ​ഗമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡി.എം.ഒ. യമുന വർ​ഗീസ് അറിയിച്ചു. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡി.എം.ഒ. പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week