കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ രാജിവെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് നഗരസഭാ ഓഫീസിലെത്തി അവര്‍ രാജിക്കത്ത് കൈമാറി. ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഡിസിസിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. എന്നാല്‍, സാങ്കേതിക കാരണങ്ങളാലാണ് രാജി വൈകിയതെന്നാണ് അജിത മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരം രണ്ടര വര്‍ഷം ഐ ഗ്രൂപ്പുകാരിയായ അജിതയും തുടര്‍ന്നുള്ള രണ്ടര വര്‍ഷം എ ഗ്രൂപ്പുകാരിയായ രാധാമണി പിള്ളയും നഗരസഭാ ചെയര്‍പേഴ്‌സണാകുമെന്നായിരുന്നു തീരുമാനം. ജൂണ്‍ 27ന് അജിത കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ തയ്യാറായിരുന്നില്ല. രാധാമണി പിള്ള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും ചര്‍ച്ചയ്ക്ക് ശേഷമേ രാജിവെക്കൂ എന്നുമായിരുന്നു അജിതയുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും നിലപാട്. ഇതേത്തുടര്‍ന്നാണ് നേതൃത്വം ഇടപെട്ടത്.
അതിനിടെ നഗരസഭയില്‍ യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ച് അവിശ്വാസത്തിന് ഒരുങ്ങിയിരിക്കുകയാണ്. 43 അംഗ കൗണ്‍സിലില്‍ 22 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 21 അംഗങ്ങളുള്ള യുഡിഎഫിനെയാണ് സ്വതന്ത്രര്‍ പിന്തുണച്ചിരുന്നത്.
എന്നാല്‍, അഞ്ച് സ്വതന്ത്രര്‍ക്കും പുറത്തുനിന്ന് പിന്തുണ നല്‍കാമെന്ന് പ്രതിപക്ഷമായ എല്‍ഡിഎഫ് നിലപാടെടുത്തതോടെ കാര്യങ്ങള്‍ മാറി. 17 അംഗങ്ങളുള്ള എല്‍ഡിഎഫിന്റെ പിന്തുണ ലഭിച്ചാല്‍ സ്വതന്ത്രര്‍ക്ക് കേവല ഭൂരിപക്ഷം നേടാനാവും. അവിശ്വാസത്തിലെ തുടര്‍നടപടികള്‍ അനുസരിച്ചാകും നഗരസഭ ആര് ഭരിക്കുമെന്ന കാര്യം തീരുമാനിക്കപ്പെടുക.