തൃശൂര്‍:തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസുകളിലായി മൂന്നു പേര്‍ അറസ്റ്റില്‍.
ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പിടിയിലായത്. ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30) നെ സംശയാസ്പദനിലയില്‍ കണ്ടെത്തിയാണ് ചോദ്യംചെയ്തത്.
ഇയാളില്‍ നിന്ന് 4.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എം.ഡി.എം.എയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ (32) തുടര്‍ന്ന് പിടികൂടി. ഒല്ലൂര്‍ യുനൈറ്റഡ് വെയിങ് ബ്രിഡ്ജിനടുത്തു ലഹരി വസ്തുക്കള്‍ കൈമാറാനെത്തിയപ്പോഴായിരുന്നു ഇവര്‍ എക്‌സൈസിന്റെ വലയിലായത്.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തൃശൂര്‍ നഗരത്തിലും പരിസരത്തും കഞ്ചാവ് വില്‍പ്പനയും മയക്കുമരുന്നുപയോഗവും വ്യാപകമാണെന്ന് പൊലീസ് അറിയിച്ചു. സ്ഥിരം കസ്റ്റമര്‍മാരുള്ളതിനാല്‍ വില്‍പ്പന തടയാനാകുന്നില്ല. യുവാക്കള്‍ മുന്‍കൂട്ടി പേരുകള്‍ നല്‍കിയാണ് ലഹരിമരുന്നുകള്‍ വാങ്ങുന്നതെന്നാണ് എക്സൈസിന് ലഭിക്കുന്ന സൂചന.
അതേസമയം, നടത്തറ കേന്ദ്രീകരിച്ച് കഞ്ചാവ് വിപണനം നടത്തുന്ന പ്രധാന കണ്ണിയെ തൃശൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇന്നലെ വൈകിട്ട് ബൈക്കില്‍ ഒന്നര കിലോയോളം കഞ്ചാവ് കടത്തുകയായിരുന്ന തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി മാളക്കാരന്‍ വീട്ടില്‍ റിക്‌സന്‍ തോമസാണ് പിടിയിലായത്.
എക്‌സൈസ് സംസ്ഥാനമൊട്ടാകെയുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രാത്രികാല പട്രോളിംഗിന്റെ ഭാഗമായിട്ടാണ് ഇയാള്‍ പിടിയിലായത്. നടത്തറ പട്ടാളക്കുന്ന്, കൊഴുക്കുള്ളി ഭാഗങ്ങളില്‍ ലഹരിമാഫിയകള്‍ തമ്മിലുള്ള കുടിപ്പക ജനങ്ങളുടെ സമാധാനം തകര്‍ക്കുന്ന നിലയിലാരുന്നു.
ലഹരി മാഫിയകളുടെ കുടിപകകളുടെ ഭാഗമായി പിടിയിലായ റിക്‌സന്റെ കാര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എതിര്‍ ലോബി തകര്‍ത്തിരുന്നു. ജില്ലയിലെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളായ റിക്‌സനെ ചോദ്യം ചെയ്തതില്‍ കിഴക്കന്‍ മേഖലയിലേക്ക് വരുന്ന കഞ്ചാവിന്റെ പ്രധാന ഉറവിടത്തെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
മുന്‍പ് വന്‍ കഞ്ചാവ് കടത്ത് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘങ്ങള്‍ ഇപ്പോഴും സജീവമായി രംഗത്തുള്ളതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ശക്തമായി നടത്തുന്നതാണെന്ന് എക്‌സൈസ് അറിയിച്ചു.