വാഷിംഗ്ടണ്‍:ഓരോ രാജ്യത്തും നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാര്‍ഷിക ദുരിത സൂചിക ( Annual Misery Index (HAMI)) പ്രകാരം ലോകത്തെ ഏറ്റവും ദയനീയ രാജ്യമായി സിംബാബ്‍വെ തെരഞ്ഞെടുക്കപ്പെട്ടു.
യുദ്ധം ഇല്ലാതാക്കിയ യുക്രൈന്‍, സിറിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‍വെ ഈ സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങയി പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ ഇതുവരെയായും ഭരണകൂടത്തിന് കഴിയാതിരുന്നതാണ് രാജ്യത്തെ ഏറ്റവും ദുരിതം നിറഞ്ഞതാക്കി തീര്‍ത്തതെന്ന് പഠനം പറയുന്നു.
റാങ്കിംഗിനായി 157 രാജ്യങ്ങളെ പരിഗണിച്ചെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘അതിശയകരമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, വിളർച്ചയുള്ള യഥാർത്ഥ ജിഡിപി വളർച്ച എന്നിവയ്ക്ക് നന്ദി, ഹാൻകെ 2022 വാർഷിക ദുരിത സൂചികയിൽ ലോകത്തിലെ ഏറ്റവും ദയനീയമായ രാജ്യമായി സിംബാബ്‌വെ രേഖപ്പെട്ടുത്തപ്പെട്ടു.
ഞാൻ കൂടുതൽ പറയേണ്ടതുണ്ടോ?” സ്റ്റീവ് ഹാങ്കെ ട്വീറ്റ് ചെയ്തു.രാജ്യം ഭരിക്കുന്ന സാനു പിഎഫ് (Zanu -PF) ന്‍റെ നയങ്ങളാണ് രാജ്യത്ത് ഏറ്റവും വലിയ ദുരിതത്തിന് പ്രധാന കാരണമെന്ന് ഹാങ്കെ അവകാശപ്പെട്ടു. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്‍റീന, യെമൻ, യുക്രൈന്‍, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ ആദ്യ 15 പട്ടികയിലെ മറ്റ് രാജ്യങ്ങൾ.
ഇന്ത്യ ഈ പട്ടികയില്‍ 103 -ാം സ്ഥാനത്താണ്. രാജ്യത്ത് അനുദിനം ശക്തമാകുന്ന തൊഴിലില്ലായ്മയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമെന്ന് ഹാങ്കെ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയാകട്ടെ 134 -ാം സ്ഥാനത്താണ്. തൊഴിലില്ലായ്മയാണ് അമേരിക്കയുടെയും അസന്തുഷ്ടിക്ക് കാരണം. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഫിന്‍ലാന്‍റ് ആണ്.
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായി ആറ് വർഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിൻലൻഡ് ദുരിത സൂചികയിൽ 109-ാം സ്ഥാനത്തെത്തി. ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്‌സ് പ്രൊഫസറായ സ്റ്റീവ് ഹാങ്കെയാണ് വാർഷിക ദുരിത സൂചിക സമാഹരിച്ചത്.