ഗുരുഗ്രാം: വീട്ടുജോലിക്കാരന്‍ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. ഹരിയാണയിലെ ഗുരുഗ്രാം സ്വദേശിയായ യുവതിയാണ് വീട്ടുജോലിക്കാരനായിരുന്ന ശുഭംകുമാര്‍ എന്നയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഏജന്‍സി വഴിയാണ് ശുഭംകുമാറിനെ യുവതി വീട്ടിലെ ജോലിക്കായി നിയമിച്ചത്. യുവതിയുടെ വീട്ടില്‍ തന്നെയായിരുന്നു ഇയാളുടെ താമസവും. അടുത്തിടെയാണ് തന്റെ കിടപ്പുമുറിയില്‍ രഹസ്യമായി സ്ഥാപിച്ചിരുന്ന ഒളിക്യാമറ വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്യാമറ ഉപയോഗിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായും കണ്ടെത്തി.
ഇതേത്തുടര്‍ന്ന് ശുഭംകുമാറിനെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടെങ്കിലും മാനഹാനി ഭയന്ന് അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശുഭംകുമാര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
കിടപ്പുമുറി വൃത്തിയാക്കുന്നതിനിടെയാണ് ഒളിക്യാമറ കണ്ടെത്തിയതെന്നാണ് യുവതിയുടെ മൊഴി. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ശുഭംകുമാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഐ.ടി. ആക്ടനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സൈബര്‍ക്രൈം എസ്.എച്ച്.ഒ. ജസ്വീര്‍ അറിയിച്ചു.