കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് ഷാഫിയെ വിട്ടയച്ചത് പണം നൽകിയതിനെ തുടർന്നെന്ന് സൂചന. ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കി വിട്ടത് മൈസൂരിലാണ്. മൈസൂരിൽ നിന്ന് ബസ്സിൽ ഇന്ന് ഉച്ചയോടെയാണ് ഷാഫി താമരശ്ശേരിയിലെ വീട്ടിലെത്തിയത്. തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയിലെടുത്ത് വടകര റൂറൽ എസ് പി ഓഫീസിലേക്ക് കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയിൽ ഹാജരാക്കും. പ്രവാസി യുവാവിനെ പത്താം ദിവസമാണ് വിട്ടയച്ചത്. ഷാഫിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലെല്ലാം പൊലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. നിലവിൽ അന്വേഷണ സംഘം കർണാടകയിലുണ്ട്.
ഏപ്രിൽ ഏഴാം തീയതി രാത്രിയാണ് പരപ്പൻപൊയിലിലെ വീട്ടിൽനിന്ന് ഷാഫിയെ അജ്ഞാതസംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ ഭാര്യയെയും ഇവർ കാറിൽ കയറ്റിക്കൊണ്ടുപോയെങ്കിലും ഇവരെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു. അതേസമയം, ഷാഫിയെ എവിടേക്കാണ് കൊണ്ടുപോയതെന്നോ എന്താണ് സംഭവിച്ചതെന്നോ ദിവസങ്ങളായിട്ടും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തട്ടിക്കൊണ്ടുപോയി പത്താം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. ഷാഫിയെ വൈകിട്ടോടെ പൊലീസ് സംഘം താമരശ്ശേരിയിലെത്തിക്കുമെന്നാണ് സൂചന. രാത്രി ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘമാണ് ഷാഫിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷാഫിയുടെ ഫോൺ കരിപ്പൂരിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കണ്ടെത്തിയിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് 3 കർണാടക സ്വദേശികളടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാൾ കാസർകോട് സ്വദേശിയാണ്.
മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
ഷാഫിയെ വയനാട് ഭാഗത്തേക്കാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഷാഫിയുടെ മൊബൈൽഫോൺ കരിപ്പൂർ വിമാനത്താവളത്തിന് സമീപം കണ്ടെത്തിയത് അന്വേഷണത്തെ കുഴപ്പിച്ചു. കേസിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാർ കാസർകോട്ടുനിന്ന് കണ്ടെത്തിയത്. കേസിൽ കാസർകോട്ടുനിന്ന് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതിനിടെ, കഴിഞ്ഞദിവസങ്ങളിൽ അജ്ഞാതകേന്ദ്രത്തിൽനിന്നുള്ള ഷാഫിയുടെ ചില വീഡിയോകൾ പുറത്തുവന്നിരുന്നു. വിദേശത്തുനിന്ന് 80 കോടി രൂപയുടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് വീഡിയോയിൽ ഷാഫി പറഞ്ഞിരുന്നത്. എത്രയുംവേഗം മോചിപ്പിക്കാൻ ശ്രമിക്കണമെന്നും ഇയാൾ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്തു സംഘമാണു സംഭവത്തിനു പിന്നിലെന്നും, സൗദി രാജകുടുംബത്തിൽ നിന്നു കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിലയായ 80 കോടി രൂപയിൽ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നും വിഡിയോയിൽ വ്യക്തമാക്കിയ ഷാഫി, എല്ലാറ്റിനും പിന്നിൽ സഹോദരൻ നൗഫൽ ആണെന്നും ആരോപിച്ചിരുന്നു.
ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. ഇതിലുൾപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. പൂനൂർ സ്വദേശിയായ യുവാവിന്റയും ഷാഫിയുടെയും മൊബൈൽ ഫോണുകൾ ഒരേ ടവർ ലൊക്കേഷനിൽ സ്വിച്ച് ഓഫ് ആയതായും പൊലീസ് കണ്ടെത്തിയിരുന്നു.